നൈജർ : സഹാറ മരുഭൂമിയുടെ ഉൾഭാഗത്ത് വാഹനം തകരാറിലായതിനെ തുടർന്ന് കുടുങ്ങിപ്പോയ 50 പേർ വെള്ളം കിട്ടാതെ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വടക്കൻ നൈജറിലെ സഹാറ മരുഭൂമിയിലാണ് ദുരന്തം.
മാലിയൻ പട്ടണമായ ടെൽഹാൻഡെക്കിൽ ഇസ്ലാമിക ആഘോഷമായ ഈദ് അൽ-അദ്ഹയുടെ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം, നൈജറിനും അൾജീരിയയ്‌ക്കും ഇടയിലുള്ള ഒരു പ്രധാന അതിർത്തി കടന്നുള്ള അസമാക്കയ്‌ക്ക് 80 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിപ്പോയി. തുടർന്ന് കടുത്ത ചൂടിൽ വെള്ളം തീർന്നപ്പോൾ ദാരുണമായി മരണപ്പെടുകയായിരുന്നു.
ഗ്രാമീണർ സഞ്ചരിച്ച ലോറി നൈജറിനും അൾജീരിയക്കും ഇടയിലുള്ള പ്രധാന അതിർത്തി കടക്കുന്നതിനിടെ ശരിയായ പാതയിൽ നിന്ന് മാറിപ്പോവുകയും പിന്നീട് തകരാറിലാവുകയുമായിരുന്നു. പിന്നീട് സഹാറ മരുഭൂമിയുടെ പടിഞ്ഞാറൻ മേഖലയിൽ ഇവർ പൂർണ്ണമായും ഒറ്റപ്പെട്ടു.ലോറിയുടെ ബാറ്ററി തകരാറിലായതിനെ തുടർന്ന് ഡ്രൈവറും യാത്രക്കാരും വാഹനം നന്നാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ദിവസങ്ങളോളം മരുഭൂമിയിലൂടെ നടന്ന് ഒടുവിൽ രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. ഇവർ അസമക്കയിലെത്തി അധികൃതരെ വിവരം അറിയിച്ചതോടെയാണ് ദാരുണ സംഭവം പുറംലോകം അറിയുന്നത്.
അസഹ്യമായ ചൂടും സമീപത്തൊന്നും ജലവിതരണ സംവിധാനങ്ങൾ ഇല്ലാത്തതുമാണ് യാത്രക്കാരുടെ മരണത്തിനു കാരണമായതെന്ന് നൈജർ നഗരമായ അഗഡെസിലെ ഗവർണർ അറിയിച്ചു. ശരീരത്തിൽ നിന്ന് പൂർണ്ണമായും ജലാംശം നഷ്ടപ്പെട്ടതാണ് മരണകാരണം. തകരാറിലായ ട്രക്കിനുള്ളിലും സമീപത്തുമായി കണ്ടെത്തിയ മൃതദേഹങ്ങൾ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്തു., ബാറ്ററി തകരാറിനെ തുടർന്ന് മൂന്ന് ദിവസത്തോളം മരുഭൂമിയിൽ കുടുങ്ങിക്കിടന്ന അറുപതിലധികം യാത്രക്കാരുള്ള മറ്റൊരു ലോറിയും രക്ഷാസംഘം കണ്ടെത്തി.
വർഷങ്ങളായി ലിബിയയിലേക്കോ അൾജീരിയയിലേക്കോ പോകുന്ന കുടിയേറ്റ പാതകളിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്ന് പ്രാദേശിക എൻജിഒ മേധാവി ചെഹുവോ അസീസോ മാധ്യമങ്ങളോട് വ്യക്തമാക്കി.