വീണ്ടും പോക്സോ കേസ്: കാസര്‍ഗോഡ് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 25-കാരി പിടിയില്‍

Published by
ജനം വെബ്‌ഡെസ്ക്

കാസര്‍ഗോഡ്: കാസര്‍കോട്ടെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെര്‍ലിന്‍ (25) എന്ന യുവതിക്കെതിരെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതാദ്യമായല്ല പ്രതിയായ സ്‌നേഹ മെര്‍ലിന്‍ പോക്സോ കേസില്‍ കുടുങ്ങുന്നത്. മുന്‍പ് സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ക്രൂരമായി പീഡിപ്പിച്ചതുള്‍പ്പെടെ നാലോളം സമാനമായ കേസുകള്‍ നിലവില്‍ ഇവര്‍ക്കെതിരെയുണ്ട്. കഴിഞ്ഞ വര്‍ഷം തളിപ്പറമ്പില്‍ ഒരു പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്‌കൂളില്‍ വെച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചപ്പോഴാണ് മുന്‍പ് നടന്ന പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയുടെ ബാഗില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ സംശയാസ്പദമായ രീതിയിലുള്ള ചില ദൃശ്യങ്ങള്‍ അധ്യാപികയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയും, അവര്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടി താന്‍ നേരിട്ട പീഡനവിവരങ്ങള്‍ തുറന്നുപറയുകയുമായിരുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കാസര്‍ഗോഡ് സ്വദേശിയായ 16-കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവതി വീണ്ടും പ്രതിയാകുന്നത്. പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Share