തിരുവനന്തപുരം: കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം ലഹരി മരുന്നുമായി പിടിയിൽ. ട്രാവൻകൂർ ടെെറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് സീനിയർ സൂപ്രണ്ട് നജീബ് ഖാനാണ് അറസ്റ്റിലായത്. തമ്പാനൂരിലെ ഹോട്ടലിൽ ലഹരി ഉപയോഗിക്കുന്നതിനിടയിലാണ് പിടിയിലായത്. നേരത്തെയും എംഡിഎംഎ കൈവശം വെച്ചതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എക്സൈസും നർക്കോട്ടിക് സെല്ലും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇയാൾ വിവിധ ഹോട്ടലുകൾ കേന്ദ്രീകരിച്ച ലഹരി ഇടപാടുകൾ നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.
ഇക്കഴിഞ്ഞ മാർച്ചിലും നജീബ് ഖാൻ രാസലഹരിയുമായി പിടിയിലായിരുന്നു. അന്നും തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് ഗ്രാം എംഡിഎംഎയായിരുന്നു ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
മൊബൈലിൽ പ്രത്യേക ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ പതിവ്. ഇതിനായി വലിയ ശ്യംഖല ഉണ്ടെന്നാണ് വിവരം. പ്രമുഖരുൾപ്പെടെ എംഡിഎംഎയ്‌ക്കായി നജീബിനെ സമീപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.