തിരുവനന്തപുരം: വട്ടപ്പാറയിൽ പ്രണയം നിരസിച്ചതിന് പതിനാറുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ്ടു വിദ്യാർഥിനിക്കാണ് കുത്തേറ്റത്. പെൺകുട്ടിയെ ആക്രമിച്ച പനവൂർ സ്വദേശി സഹദിനായി (21) വട്ടപ്പാറ പോലീസ് അന്വേഷണം ഊർജിതമാക്കി.
പുസ്തകം വാങ്ങാൻ വീട്ടിൽനിന്ന് പുറത്തിറങ്ങിയ പ്ലസ്ടു വിദ്യാർഥിനിക്ക് നേരെയായിരുന്നു ആക്രമണം. ആളൊഴിഞ്ഞ പ്രദേശത്ത് കാത്തിരുന്ന, സഹദ് കുട്ടി എത്തിയതോടെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്തും കഴുത്തിനുമാണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തിന് ശേഷം പ്രതി കാറിൽ കടന്നുകളയുകയായിരുന്നു. എതിർദിശയിൽ വന്ന വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ചോര വാർന്ന നിലയിലായിരുന്ന പെൺകുട്ടിയെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.