ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി ചർച്ച ചെയ്ത് അഖില ഭാരതീയ ദേശീയ ശൈക്ഷിക് മഹാസംഘ് (ABRSM) പ്രതിനിധിസംഘം. സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, അധ്യാപകരുടെ സേവനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ വിശദമായി അവതരിപ്പിച്ചു.
മഹാസംഘത്തിന്റെ ദേശീയ പ്രസിഡന്റ് പ്രൊഫ. നാരായൺ ലാൽ ഗുപ്തയുടെ നേതൃത്വത്തിൽ എത്തിയ പ്രതിനിധിസംഘം, 2010-ന് മുമ്പ് നിയമിതരായ അധ്യാപകർക്ക് നിർബന്ധമാക്കിയിട്ടുള്ള ടീച്ചേഴ്സ് ഏലിജബിലിറ്റി ടെസ്റ്റ് (TET) സംബന്ധിച്ച ആശങ്കകൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെ താൽപര്യങ്ങളും നിയമപരമായ വശങ്ങളും മാനുഷിക പരിഗണനകളും കണക്കിലെടുത്ത് നീതിപൂർവവും പ്രായോഗികവുമായ തീരുമാനം സ്വീകരിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ‘വിക്സിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബിൽ-2025’ സംബന്ധിച്ച മഹാസംഘത്തിന്റെ നിർദേശങ്ങളും മന്ത്രിക്ക് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണം, അധ്യാപകരുടെ അവകാശ സംരക്ഷണം, ഗവേഷണ നിലവാരം ഉയർത്തൽ, സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കൽ, സംസ്ഥാനങ്ങളുടെയും വിവിധ പങ്കാളികളുടെയും പങ്കാളിത്തം വർധിപ്പിക്കൽ, ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ഫലപ്രദമായി നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ച നടന്നു.
അതോടൊപ്പം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ കുടിശ്ശിക വിഷയങ്ങളും പ്രതിനിധിസംഘം ഉന്നയിച്ചു. കരിയർ അഡ്വാവൻസ്മെൻറ് സ്കീമുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പി.എച്ച്.ഡി. പഠനം നടത്തുന്ന അധ്യാപകർ നേരിടുന്ന ബുദ്ധിമുട്ടുകൾ, ഗവേഷണ പദ്ധതികളുടെയും ഗവേഷണ ഗ്രാന്റുകളുടെയും ലഭ്യത, കോളേജുകളിലും സംസ്ഥാന സർവകലാശാലകളിലും പ്രവർത്തിക്കുന്ന അധ്യാപകർക്ക് കൂടുതൽ ഗവേഷണ അവസരങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും മാനവവിഭവശേഷിയും മെച്ചപ്പെടുത്തൽ, ഒഴിവുള്ള തസ്തികകൾ എത്രയും വേഗം നികത്തൽ, സ്ഥാപനങ്ങളുടെ സ്വയംഭരണം ശക്തിപ്പെടുത്തൽ, ദേശീയ വിദ്യാഭ്യാസ നയം 2020 കാര്യക്ഷമമായി നടപ്പാക്കൽ എന്നിവയും ചർച്ചയായി.
ഈ വിഷയങ്ങളിൽ സമയബന്ധിതമായ നയപരമായ ഇടപെടലുകളും വേഗത്തിലുള്ള പരിഹാര നടപടികളും സ്വീകരിക്കണമെന്ന് മഹാസംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർഥിച്ചു.
മഹാസംഘത്തിന്റെ ദേശീയ പ്രസിഡന്റ് പ്രൊഫ. നാരായൺ ലാൽ ഗുപ്ത, ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ഗീത ഭട്ട്, ദേശീയ സംഘാടക സെക്രട്ടറി മഹേന്ദ്ര കപൂർ, ജോയിന്റ് ഓർഗനൈസിങ് സെക്രട്ടറി ജി. ലക്ഷ്മൺ, സീനിയർ വൈസ് പ്രസിഡന്റ് മഹേന്ദ്ര കുമാർ, സ്കൂൾ വിദ്യാഭ്യാസ വിഭാഗം ചുമതലയുള്ള ശിവാനന്ദ് സിന്ദങ്കേര, അഡീഷണൽ ജനറൽ സെക്രട്ടറി മോഹൻ പുരോഹിത് എന്നിവർ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.