കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ജോലി തേടി എത്തിയ മൂന്ന് യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ലഹരി വില്‍പനക്കാരാണെന്ന് ആരോപിച്ച് യുവാക്കളെ പൊതുവഴിയില്‍ മുട്ടുകുത്തി നിര്‍ത്തി തലമുണ്ഡനം ചെയ്യുകയും, പിന്നീട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ഒരു മുറിയിലടച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. ഇന്നലെ വൈകിട്ടോടെ പെരുമ്പാവൂര്‍ കണ്ടന്തറയില്‍ നടന്ന സംഭവത്തില്‍ മര്‍ദ്ദനമേറ്റ യുവാക്കള്‍ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ നീറികാണിക്കല്‍ ഗോകുല്‍ (18), കളപ്പോത്ത് അല്‍ഫാസ് (20), കണ്ടന്തറ പുത്തന്‍പുരയ്‌ക്കല്‍ ആല്‍ബി (20) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ടന്തറയിലെ ഒരു സോഡാ ഫാക്ടറിയില്‍ ജോലി ഒഴിവുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മൂവരും ബൈക്കില്‍ ഫാക്ടറിയിലെത്തിയത്. അവിടെയെത്തിയ ഉടനെ ഒരു സംഘം ആളുകള്‍ ഇവരെ തടഞ്ഞുനിര്‍ത്തി. ബൈക്കിന്റെ താക്കോല്‍ ബലമായി ഊരിയെടുത്ത സംഘം, ‘നിങ്ങള്‍ കഞ്ചാവ് വില്‍പനക്കാരല്ലേ’ എന്ന് ആരോപിച്ച് ചോദ്യംചെയ്യാന്‍ തുടങ്ങി. ജോലി ആവശ്യത്തിനാണ് എത്തിയതെന്ന് യുവാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ സംഘം തയ്യാറായില്ല.
പൊലീസിനെയോ ബന്ധുക്കളെയോ വിവരം അറിയിക്കാന്‍ പോലും അനുവദിക്കാതെ യുവാക്കളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയെന്നാണ് പരാതി. തുടര്‍ന്ന് പൊതുജനങ്ങള്‍ നോക്കിനില്‍ക്കെ മൂവരെയും നടുറോഡില്‍ മുട്ടുകുത്തി ഇരുത്തി തലമുണ്ഡനം ചെയ്തു. പിന്നീട് ഫാക്ടറിയിലെ ഇതരസംസ്ഥാന തൊഴിലാളിയായ സൂപ്പര്‍വൈസറെ ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തിയശേഷം യുവാക്കളെ ഫാക്ടറിക്കുള്ളിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി.
അവിടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് യുവാക്കളെ സ്ഥലത്തുനിന്ന് ഓടിച്ചുവിട്ടതെന്ന് പരാതിയില്‍ പറയുന്നു. ജോലി തേടിയെത്തിയ യുവാക്കള്‍ക്ക് നേരെയുണ്ടായ ഈ ആള്‍ക്കൂട്ട വിചാരണയും ക്രൂരമായ ആക്രമണവും പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.