ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ഖത്തറിന്റെ മുൻ അമീറും രാജ്യത്തിന്റെ വികസനത്തിന് നിർണായക നേതൃത്വം നൽകിയ നേതാവുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. അദ്ദേഹത്തോടുള്ള ആദരസൂചകമായി തിങ്കളാഴ്ച രാജ്യത്ത് ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം, ദുഃഖാചരണ ദിനത്തിൽ രാജ്യത്ത് ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ കെട്ടിടങ്ങളിലും ദേശീയ പതാക പാതി താഴ്‌ത്തിക്കെട്ടും. അന്നേദിവസം ഔദ്യോഗിക വിനോദപരിപാടികളും ഉണ്ടായിരിക്കില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങളിലെത്തിച്ച ദീർഘദർശിയായ നേതാവും ഇന്ത്യയുടെ യഥാർഥ സുഹൃത്തുമായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. പാർലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും അനുശോചനം അറിയിച്ചു.

1995 മുതൽ 2013 വരെ ഖത്തറിന്റെ അമീറായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്കും ആധുനികവൽക്കരണത്തിനും നിർണായക നേതൃത്വം നൽകിയ ഭരണാധികാരികളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്.

 

Share