വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ അമേരിക്ക കൂടുതൽ ശക്തമാക്കി. വിവിധ സൈനിക കേന്ദ്രങ്ങളും പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് 140 ഇടങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ബന്ദർ അബ്ബാസ്, ഖഷാം, ഹജിയാബാദ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ സ്ഥിരീകരിച്ചു.
ഹോർമോസ്ഗൻ പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അറിയിച്ചു. മിസൈൽ സംവിധാനങ്ങൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, ഹോർമുസ് കടലിടുക്കിലെ സ്പീഡ് ബോട്ടുകൾ എന്നിവയും അമേരിക്ക ലക്ഷ്യമിട്ടതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്ക് അന്താരാഷ്‌ട്ര ജലപാതയായി തുടരുമെന്നും ഇറാൻ അതിനെ നിയന്ത്രിക്കുന്നില്ലെന്നും യു.എസ്. സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കുവൈത്തിലെ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന പ്രചാരണം തള്ളിക്കളഞ്ഞ യു.എസ്., അത്തരമൊരു സംഭവവും ഉണ്ടായിട്ടില്ലെന്നും അറിയിച്ചു.
മറുവശത്ത്, ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് പ്രഖ്യാപിക്കുകയും ഇറാൻ അംഗീകരിക്കാത്ത കടൽപാതകളിലൂടെ കപ്പലുകൾ സഞ്ചരിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനയിയുടെയും മറ്റ് ഇറാൻ നേതാക്കളുടെയും വധത്തിന് ആഗോളതലത്തിൽ പ്രതികാരം ചെയ്യുമെന്ന് പുതിയ പരമോന്നത നേതാവ് മുജ്തബ ഖംനയി മുന്നറിയിപ്പ് നൽകി. സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക അന്താരാഷ്‌ട്ര തലത്തിൽ ശക്തമായിരിക്കുകയാണ്.