ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ രണ്ടുമണിയോടെയാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു.

ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂചലനത്തെ തുടർന്ന് പ്രദേശത്തെ ചില കെട്ടിടങ്ങൾ നേരിയ തോതിൽ കുലുങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി.

എന്നാൽ ആളപായമോ സ്വത്തുനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷിച്ചുവരികയാണ്.

ഫെബ്രുവരിയിലും ബാരാമുള്ള മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പട്ടാൻ മേഖലയിലായിരുന്നു.

Share