തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിലെ എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികളിൽ നിന്നും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാരിൽ നിന്നും പണം ഈടാക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. മാതാവിന്റെയും കുഞ്ഞിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് കമ്മീഷന്റെ നിർണായക ഇടപെടൽ.
ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി. രാജീവ് നൽകിയ ഹർജിയാണ് ബാലാവകാശ കമ്മീഷൻ പരിഗണിച്ചത്. ഹർജി പരിശോധിച്ച ശേഷമാണ് കെഎസ്ആർടിസി അധികൃതർക്ക് ഇത്തരമൊരു നിർദേശം നൽകിയത്.
പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുതിയ എസി വിശ്രമകേന്ദ്രം പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ, ഗർഭിണികളിൽ നിന്നും മുലയൂട്ടുന്ന അമ്മമാരിൽ നിന്നും പോലും പ്രവേശന ഫീസ് ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവും സംഘടിപ്പിച്ചു.
തുടർന്ന് വിഷയത്തിൽ ബാലാവകാശ കമ്മീഷനെ സമീപിച്ച പി. രാജീവിന്റെ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. കുഞ്ഞുങ്ങളുടെയും മാതാക്കളുടെയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് പൊതുസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും, ഈ വിഭാഗങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്നത് ഒഴിവാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യമായി എസി വിശ്രമകേന്ദ്രങ്ങൾ ഉപയോഗിക്കാനാകുന്ന തരത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.