മെക്‌സിക്കോ സിറ്റി: ഫുട്‌ബോള്‍ ലോകകപ്പുകളില്‍ വിസ്മയിപ്പിച്ച പ്രകടനങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ മെക്‌സിക്കന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ഗില്ലെര്‍മോ ഓച്ചോവ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 41-ാം വയസ്സിലാണ് താരം ബൂട്ട് അഴിച്ചുവെക്കുന്നത്. ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കുമൊപ്പം ആറ് ഫിഫ ലോകകപ്പുകളില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച അപൂര്‍വ താരങ്ങളുടെ പട്ടികയിലാണ് ഓച്ചോവയും ഇടംനേടിയത്.
2006 മുതല്‍ 2026 വരെ തുടര്‍ച്ചയായി ലോകകപ്പ് വേദിയിലെത്തിയ അദ്ദേഹം മെക്‌സിക്കോയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. മെക്‌സിക്കോയ്‌ക്കായി 150-ലധികം രാജ്യാന്തര മത്സരങ്ങളില്‍ ഗോള്‍വല കാത്ത ഓച്ചോവ, ലോകകപ്പ് വേദിയില്‍ പുറത്തെടുത്ത അസാധാരണ പ്രകടനങ്ങളിലൂടെയാണ് ‘ലോകകപ്പ് സ്‌പെഷ്യലിസ്റ്റ്’ എന്ന വിശേഷണം നേടിയത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ആതിഥേയരായ ബ്രസീലിനെതിരെ നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ നിരവധി ശ്രമങ്ങള്‍ തടഞ്ഞ് നടത്തിയ ആറ് നിര്‍ണായക സേവുകള്‍ അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും ഓര്‍ക്കപ്പെടുന്നു.
2018 റഷ്യ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ മെക്‌സിക്കോ 1-0ന് അട്ടിമറിച്ച മത്സരത്തിലും ഓച്ചോവയുടെ പ്രകടനം നിര്‍ണായകമായിരുന്നു. 2022 ഖത്തര്‍ ലോകകപ്പില്‍ പോളണ്ടിനെതിരെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പെനാല്‍റ്റി രക്ഷപ്പെടുത്തിയതും ആരാധകര്‍ക്ക് മറക്കാനാകാത്ത നിമിഷമാണ്. ദേശീയ ടീമിനൊപ്പം അഞ്ച് തവണ കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് കിരീടവും നേടിയ ഓച്ചോവ, ക്ലബ് തലത്തില്‍ മെക്‌സിക്കന്‍ ക്ലബ്ബുകള്‍ക്കൊപ്പം ഫ്രാന്‍സിലെ അജാക്‌സിയോ, സ്‌പെയിനിലെ മലാഗ, ബെല്‍ജിയത്തിലെ സ്റ്റാന്‍ഡേര്‍ഡ് ലിയേജ്, ഇറ്റലിയിലെ സലെര്‍നിറ്റാന എന്നിവയ്‌ക്കായും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് വിരാമമിടുന്ന ഓച്ചോവ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളെന്ന പദവിയോടെയാണ് കളമൊഴിയുന്നത്.