ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

Published by
ജനം വെബ്‌ഡെസ്ക്

ടെക്‌സാസ്: മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കാനുള്ള ദൗത്യത്തില്‍ നിര്‍ണായക ചുവടുവെപ്പായി സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് ഫ്‌ലൈറ്റ് 13 പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായി. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.21-ന് ടെക്‌സാസിലെ ബോകാ ചിക്കയിലെ സ്റ്റാര്‍ബേസില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും ഉയരവും കരുത്തുമുള്ള റോക്കറ്റ് കുതിച്ചുയര്‍ന്നത്.

എഞ്ചിന്‍ സ്റ്റാര്‍ട്ടപ്പ് തകരാറിനെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ച വിക്ഷേപണശ്രമത്തിന് ശേഷമാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയായത്. ഈ പരീക്ഷണ പറക്കലിലൂടെ അടുത്ത തലമുറയിലെ 20 സ്റ്റാര്‍ലിങ്ക് വേര്‍ഷന്‍-3 ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതോടൊപ്പം ഭാവിയിലെ വാണിജ്യ ദൗത്യങ്ങള്‍ക്ക് ആവശ്യമായ വിവിധ സാങ്കേതിക സംവിധാനങ്ങളും സ്‌പേസ് എക്‌സ് പരീക്ഷിച്ചു.

വിക്ഷേപണത്തിന് രണ്ട് മിനിറ്റിലധികം കഴിഞ്ഞപ്പോള്‍ റോക്കറ്റിന്റെ ആദ്യഘട്ട ബൂസ്റ്റര്‍ മുകളിലെ സ്റ്റാര്‍ഷിപ്പ് പേടകത്തില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. തുടര്‍ന്ന് ബൂസ്റ്റര്‍ മെക്‌സിക്കോ ഉള്‍ക്കടലില്‍ നിയന്ത്രിതമായി പതിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ലാന്‍ഡിംഗ് ഘട്ടത്തില്‍ ആവശ്യമായ റാപ്റ്റര്‍ എന്‍ജിനുകള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാത്തതിനാല്‍ നിയന്ത്രിത സോഫ്റ്റ് സ്പ്ലാഷ്ഡൗണ്‍ സാധ്യമായില്ല.

അതേസമയം, സ്റ്റാര്‍ഷിപ്പ് ബഹിരാകാശയാനം നിശ്ചിത ഉയരത്തിലെത്തി എന്‍ജിനുകള്‍ നിര്‍ത്തി കോസ്റ്റിംഗ് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഈ സമയത്താണ് 20 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ വിജയകരമായി വിന്യസിച്ചത്. ഉപഗ്രഹങ്ങള്‍ സോളാര്‍ പാനലുകള്‍ തുറക്കുകയും ബഹിരാകാശ ലേസര്‍ ആശയവിനിമയ സംവിധാനങ്ങള്‍ പരീക്ഷിക്കുകയും ചെയ്തു. വിക്ഷേപണത്തിന് ഒരു മണിക്കൂറിലധികം കഴിഞ്ഞ് സ്റ്റാര്‍ഷിപ്പ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിശ്ചിത രീതിയില്‍ സ്പ്ലാഷ്ഡൗണ്‍ പൂര്‍ത്തിയാക്കി.

സ്റ്റാര്‍ഷിപ്പിനെ പൂര്‍ണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാക്കി മാറ്റുന്നതിനുള്ള നിര്‍ണായക ഘട്ടമായാണ് ഫ്‌ലൈറ്റ് 13നെ സ്‌പേസ് എക്‌സ് വിലയിരുത്തുന്നത്. വലിയ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ വിക്ഷേപണം, നാസയുടെ ആര്‍ട്ടെമിസ് പദ്ധതിക്ക് പിന്തുണ, ഭാവിയില്‍ മനുഷ്യരെ ചൊവ്വയിലെത്തിക്കല്‍ എന്നിവയാണ് സ്റ്റാര്‍ഷിപ്പ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ദൗത്യത്തിനിടെ ബൂസ്റ്ററിന്റെ പ്രകടനം, ഉപഗ്രഹ വിന്യാസം, ബഹിരാകാശത്ത് എന്‍ജിന്‍ പുനരാരംഭിക്കുന്നതിനുള്ള പരീക്ഷണം, അന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കം എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ വിശദമായി വിശകലനം ചെയ്യുമെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു.

Share