അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ യുവജനങ്ങളുടെ പങ്കാളിത്തം നിര്‍ണായകമാണെന്നും രാജ്യത്തെ അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ ജീവിതം അടുത്തറിയാന്‍ യുവതലമുറ തയ്യാറാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ‘വികസിത് വൈബ്രന്റ് വില്ലേജ്’ 2026 പദ്ധതിയിലെ പങ്കാളികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതത്തില്‍ രാജ്യസ്‌നേഹത്തിനും ദേശീയ സുരക്ഷയ്‌ക്കുമാണ് ഏറ്റവും വലിയ പ്രാധാന്യമെന്നും അവിടുത്തെ ജനങ്ങളുടെ ജാഗ്രതയും പ്രതിബദ്ധതയും യുവാക്കള്‍ നേരിട്ട് മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ പദ്ധതിയില്‍ ആവേശത്തോടെ പങ്കെടുത്തത് ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിന്റെ മികച്ച ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതിര്‍ത്തിയില്‍ സേവനം ചെയ്യുന്ന സൈനികര്‍ക്കൊപ്പം എല്ലാ വര്‍ഷവും ദീപാവലി ആഘോഷിക്കുന്ന പതിവും അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തെ ഏകദേശം മൂന്ന് ലക്ഷം യുവാക്കളാണ് പദ്ധതിയില്‍ പങ്കെടുത്തതെന്നും അവരില്‍ നിന്ന് 400-ലധികം പേരെ വിവിധ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് തെരഞ്ഞെടുത്തതായും അദ്ദേഹം വ്യക്തമാക്കി. സംവാദത്തിനിടെ പങ്കെടുത്ത യുവാക്കളും അനുഭവങ്ങള്‍ പങ്കുവെച്ചു. ‘ഞങ്ങള്‍ക്ക് Gen Z എന്നാല്‍ Nation Building, Character Building, Service, Innovation, അതിലുപരി nation first എന്നാണ് അര്‍ഥം’ എന്ന് പങ്കാളിയായ ദിവ്യാന്‍ഷു ജോഷി പ്രധാനമന്ത്രിയോട് പറഞ്ഞു.

മറ്റൊരു യുവതി അതിര്‍ത്തി ഗ്രാമങ്ങളെക്കുറിച്ചുള്ള തന്റെ മുന്‍ധാരണകള്‍ പൂര്‍ണമായും മാറിയതായി വ്യക്തമാക്കി. മൊബൈല്‍ നെറ്റ്വര്‍ക്കോ വൈദ്യുതിയോ ഇല്ലാത്ത പ്രദേശങ്ങളായിരിക്കുമെന്നാണ് കരുതിയതെങ്കിലും, മികച്ച റോഡുകളും അടിസ്ഥാന സൗകര്യങ്ങളും കണ്ടത് അത്ഭുതപ്പെടുത്തിയെന്ന് അവര്‍ പറഞ്ഞു. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിലൂടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്നും, മുമ്പ് ഏറെ ദുരിതങ്ങള്‍ അനുഭവിച്ചിരുന്ന ജനങ്ങളുടെ ജീവിതത്തില്‍ വികസനത്തിന്റെ പുതിയ അധ്യായം തുറന്നതായും പ്രദേശവാസികള്‍ പറഞ്ഞതായി യുവതി അനുഭവം പങ്കുവെച്ചു.

യുവാക്കള്‍ രാജ്യത്തിന്റെ അതിര്‍ത്തി മേഖലകളുമായി കൂടുതല്‍ ബന്ധപ്പെടുന്നതിലൂടെ ഇന്ത്യയെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും വികസിത ഭാരതത്തിന്റെ നിര്‍മ്മാണത്തില്‍ സജീവ പങ്കാളികളാകാനും കഴിയുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

Share