മഴക്കെടുതിക്കിടെ മുഖ്യമന്ത്രിയുടെ പൊന്നാനി സന്ദർശനം വിവാദത്തിൽ; യൂത്ത് ലീഗ് നേതാവിന്റെ വീട്ടിലെ ഉച്ചഭക്ഷണ ദൃശ്യങ്ങൾക്കെതിരെ വിമർശനം ശക്തം

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴയും പ്രളയസാഹചര്യവും തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവം രാഷ്‌ട്രീയ വിവാദത്തിന് വഴിവെച്ചു. മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ പൊന്നാനിയിലെ വസതിയിൽ ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി എത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമർശനം ശക്തമായത്.

മുഖ്യമന്ത്രി വീട്ടിലെത്തിയതും വിരുന്നിൽ പങ്കെടുത്തതുമായ വീഡിയോ ഫൈസൽ ബാഫഖി തങ്ങൾ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനവുമായി രംഗത്തെത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതിയെ തുടർന്ന് ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഈ സന്ദർശനം അനുചിതമാണെന്നാണ് വിമർശകർ ആരോപിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. “മധ്യകേരളം പ്രളയത്തിൽ ദുരിതമനുഭവിക്കുമ്പോൾ മുഖ്യമന്ത്രി വിരുന്നിലാണോ?” എന്നടക്കമുള്ള വിമർശനങ്ങൾ വ്യാപകമായി പങ്കുവെക്കപ്പെട്ടു. വിഷയത്തിൽ രാഷ്‌ട്രീയ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദമായതിന് പിന്നാലെയാണ് പൊന്നാനി സന്ദർശനവും പുതിയ രാഷ്‌ട്രീയ ചർച്ചയ്‌ക്ക് വഴിവെച്ചിരിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

Share