റാങ്ക് പട്ടികയ്‌ക്ക് മുമ്പേ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നോ?; പി.എസ്.സിക്കെതിരെ ഗുരുതര ആരോപണം, ക്രൈംബ്രാഞ്ചില്‍ പരാതി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ (ജി.എസ്.ടി.) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ഥികളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നെന്ന പി.എസ്.സിക്കെതിരെ ഗുരുതര ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് പരാതി ലഭിച്ചു. 2023 സെപ്റ്റംബറിലാണ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് രേഖാപരിശോധനയ്‌ക്ക് ശേഷം ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 12 ഉദ്യോഗാര്‍ഥികളെ പി.എസ്.സി അഭിമുഖത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.

ഇങ്ങനെ ഒഴിവാക്കിയ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങളാണ് പുറത്തേക്ക് ചോര്‍ന്നതെന്നാണ് പരാതി. പുറത്താക്കപ്പെട്ടവരില്‍ രണ്ടുപേര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അനുമതി നേടിയിരുന്നു. ഈ ഉത്തരവിനെതിരെ പി.എസ്.സി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതിയിലെ കേസില്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ചില ഉദ്യോഗാര്‍ഥികള്‍ പി.എസ്.സിക്കൊപ്പം കക്ഷിചേര്‍ന്നതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്.

പുറത്താക്കപ്പെട്ട ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചതിനാലാണ് ഇവര്‍ കേസില്‍ കക്ഷിചേര്‍ന്നതെന്നാണ് പരാതിയിലെ ആരോപണം. തലസ്ഥാനത്തെ ഒരു സ്വകാര്യ പി.എസ്.സി പരിശീലന കേന്ദ്രവുമായി ചേര്‍ന്നാണ് വിവര ചോര്‍ച്ചയും ഗൂഢാലോചനയും നടന്നതെന്നാണ് പരാതിക്കാരുടെ ആരോപണം. ഈ പരീക്ഷയുടെ ആദ്യ 35 റാങ്കുകളില്‍ 16 പേരും അതേ പരിശീലനകേന്ദ്രത്തില്‍ പഠിച്ചവരാണെന്നും ഇതിലും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. വ്യക്തിവിവര ചോര്‍ച്ച ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെ സത്യാവസ്ഥ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

Share