2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: അമേരിക്കന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി മൗറിസിയോ പൊച്ചെറ്റിനോ 2030 ഫിഫ ലോകകപ്പ് വരെ തുടരും. യുഎസ് സോക്കര്‍ ഫെഡറേഷനുമായി അര്‍ജന്റീനന്‍ പരിശീലകന്‍ പുതിയ നാല് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. പൊച്ചെറ്റിനോയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് യുഎസ് സോക്കര്‍ ഫെഡറേഷന്‍ കരാര്‍ ദീര്‍ഘിപ്പിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2026 ലോകകപ്പില്‍ അമേരിക്ക പ്രീക്വാര്‍ട്ടറില്‍ പുറത്തായതിന് മുമ്പ് തന്നെ കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെന്നും ടൂര്‍ണമെന്റിന് ശേഷം അത് അന്തിമഘട്ടത്തിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ കരാറിന്റെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, മുന്‍ കരാറിലെ വാര്‍ഷിക 60 ലക്ഷം ഡോളര്‍ പ്രതിഫലത്തേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് പൊച്ചെറ്റിനോയ്‌ക്ക് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘അമേരിക്കന്‍ പുരുഷ ടീമിനെ കൂടുതല്‍ ശക്തമാക്കാന്‍ വലിയ സാധ്യതയുണ്ടെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി. ലോകകപ്പിനിടെ ആരാധകരില്‍ നിന്ന് ലഭിച്ച പിന്തുണ ഞങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ടീമിനെയും അമേരിക്കന്‍ ഫുട്‌ബോളിന്റെ ഭാവിയെയും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങളുടെ അനുഭവസമ്പത്ത് ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്,’ പൊച്ചെറ്റിനോ പറഞ്ഞു.

2024-ലാണ് മുന്‍ ടോട്ടനം ഹോട്‌സ്പര്‍, ചെല്‍സി പരിശീലകനായ പൊച്ചെറ്റിനോ അമേരിക്കന്‍ ടീമിന്റെ ചുമതലയേറ്റത്. സ്വന്തം നാട്ടില്‍ നടന്ന 2026 ലോകകപ്പില്‍ അമേരിക്കയെ പ്രീക്വാര്‍ട്ടര്‍ വരെ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ പരാഗ്വെയെ 4-1ന് തകര്‍ത്തതടക്കം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റാണ് അമേരിക്ക പുറത്തായത്.

ബെല്‍ജിയത്തോടേറ്റ തോല്‍വിക്കുശേഷം പൊച്ചെറ്റിനോയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും, യുഎസ് സോക്കര്‍ ഫെഡറേഷന്‍ അദ്ദേഹത്തില്‍ വിശ്വാസം തുടരുകയായിരുന്നു. ടീമിലെ നിലവാരം ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞതായി നിരവധി താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

2030 ലോകകപ്പിനായുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഏറ്റവും അനുയോജ്യന്‍ പൊച്ചെറ്റിനോയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ കരാര്‍ നല്‍കിയതെന്ന് യുഎസ് സോക്കര്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

Share