‘എന്നെ ആക്രമിച്ചത് അഭിജീത് ദീപ്‌കെയുടെ ആളുകൾ’; സിജെപി നേതാവിന്റെ അറസ്റ്റാവശ്യപ്പെട്ട് ഇൻഫ്ലുവൻസർ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയ്‌ക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി. തന്റെ നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ദീപ്‌കെയുടെ അനുയായികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ഓഗസ്റ്റ് നാലിന് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന് നൽകിയ പരാതിയിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പൂനെ, ഔറംഗാബാദ് എന്നിവിടങ്ങളിൽ തനിക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ദീപ്‌കെയുമായി ബന്ധമുള്ളവരുടെ പങ്കിന് തെളിവുണ്ടെന്നും അൻസാരി പറയുന്നു.

“അഭിജീത് ദീപ്‌കെയ്‌ക്കെതിരെ ഇന്ന് ഡൽഹി ഡിസിപിക്ക് പരാതി നൽകി. അദ്ദേഹത്തിന്റെ ആളുകളാണ് എന്നെ ആക്രമിച്ചതിന് തെളിവുകൾ എന്റെ കൈവശമുണ്ട്. പൂനെയിലും ഔറംഗാബാദിലും ആക്രമണം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ നിലവിലുണ്ട്,” അൻസാരി മാധ്യമങ്ങളോട് പറഞ്ഞു.

ദീപ്‌കെയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അൻസാരി ആവശ്യപ്പെട്ടു. തനിക്കെതിരായ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഡൽഹിയിലെ സമീപകാല പ്രതിഷേധങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ മുഖ്യമന്ത്രി രേഖ ഗുപ്തയെയും പൊലീസിനെയും അൻസാരി അഭിനന്ദിച്ചു. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്ത നടപടി ശരിയായ സമയത്തായിരുന്നുവെന്നും അതുവഴി ഡൽഹിയിലെ ക്രമസമാധാനം തകരുന്നത് ഒഴിവായെന്നും അദ്ദേഹം പ്രതികരിച്ചു. അഭിജീത് ദീപ്‌കെ വ്യക്തിപരമായ നേട്ടങ്ങൾക്കായാണ് പ്രവർത്തിക്കുന്നതെന്നും അൻസാരി ആരോപിച്ചു.

 

Share