സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം; ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ധീരചരിത്രം ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി മോദി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരസമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും കകോരി ട്രെയിന്‍ ആക്ഷനിലും പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിലെ നിര്‍ണായക അധ്യായങ്ങളെ അനുസ്മരിച്ചു.

ചരിത്രപരമായ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്ത എല്ലാവരെയും ഓര്‍ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. അവരുടെ ധൈര്യം ഓരോ ഇന്ത്യക്കാരനും എന്നും പ്രചോദനമായി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പുതിയ ഊര്‍ജം പകര്‍ന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊളോണിയല്‍ ഭരണത്തില്‍ നിന്ന് മോചനം നേടാനുള്ള ഇന്ത്യന്‍ ജനതയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമായിരുന്നു പ്രസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച സമരസേനാനികളുടെ ധീരതയും ത്യാഗവും രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയ്‌ക്ക് എന്നും പ്രചോദനമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ചരിത്രപ്രധാനമായ അധ്യായമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു. ജനങ്ങളെ ഒന്നിപ്പിച്ചും സ്വാതന്ത്ര്യത്തിനായി പോരാടാനുള്ള ധൈര്യം വളര്‍ത്തിയും പ്രസ്ഥാനം നിര്‍ണായക പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിമോചനത്തിനായി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച അമിത് ഷാ, ഓഗസ്റ്റ് വിപ്ലവത്തിന്റെ ഓര്‍മകള്‍ രാജ്യതാല്‍പര്യത്തിന് എല്ലാറ്റിനും മുകളില്‍ പ്രാധാന്യം നല്‍കാനും സ്വദേശിയെ സ്വീകരിക്കാനും സ്വാശ്രയത്വം ശക്തിപ്പെടുത്താനും വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനും പൗരന്മാരെ പ്രചോദിപ്പിക്കണമെന്നും പറഞ്ഞു.

ഇന്ത്യന്‍ ചരിത്രത്തിലെ അനശ്വര അധ്യായമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിന്റെ കൂട്ടായ ശക്തിയും ദൃഢനിശ്ചയവും സ്വാതന്ത്ര്യത്തിലുള്ള അചഞ്ചലമായ വിശ്വാസവുമാണ് പ്രസ്ഥാനം പ്രതിഫലിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാത്മാഗാന്ധിയെയും സ്വാതന്ത്ര്യസമരത്തിനായി സ്വയം സമര്‍പ്പിച്ച പോരാളികളെയും രക്തസാക്ഷികളെയും രാജ്‌നാഥ് സിംഗ് അനുസ്മരിച്ചു. അവരുടെ ത്യാഗത്തിലൂടെയും സമര്‍പ്പണത്തിലൂടെയും പോരാട്ടത്തിലൂടെയും നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു.

ശക്തവും സമൃദ്ധവും സ്വാശ്രയവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ് സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നല്‍കാവുന്ന യഥാര്‍ഥ ആദരാഞ്ജലിയെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Share