കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം:  ടി.ജി. മോഹൻദാസിന് ജാമ്യം. ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരിലാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഉപാധികളോടെയാണ് തിരുവനന്തപുരം എസിജെഎം കോടതി ടി.ജി. മോഹൻദാസിന് ജാമ്യം അനുവദിച്ചത്. മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

തെളിവുകൾ ശേഖരിക്കുന്നതിന് പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഈ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മോഹൻദാസിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

പൊലീസ് വീട്ടിലെത്തിയാണ് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തതെന്ന് മോഹൻദാസ് കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദത്തെയും പ്രതിഭാഗം ചോദ്യം ചെയ്തു.

അതേസമയം, കസ്റ്റഡി അപേക്ഷ പോലും സമർപ്പിക്കാതെ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് എങ്ങനെയെന്ന ചോദ്യവും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ച ശേഷമാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്

ഞായറാഴ്ച വൈകുന്നേരം കൊച്ചിയിലെ വീട്ടിൽനിന്നാണ് അപ്രതീക്ഷിതമായി സൈബർ പൊലീസ് ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊതുസമാധാനം തകർക്കുന്നതും ഭീതി സൃഷ്ടിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിന് പിന്നാലെ ടി.ജി. മോഹൻദാസിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ  പൊലീസ്  പിടിച്ചെടുത്തിരുന്നു.

 

Share