ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ബ്രസീലിനെതിരായ വമ്പന്‍ സൗഹൃദ മത്സരത്തിന് മുന്‍ഗണന നല്‍കി ഫിഫയുടെ പ്രഥമ ആസിയാന്‍ കപ്പ് പോരാട്ടത്തില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പിന്മാറി. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 6 വരെ ഇന്തോനേഷ്യയില്‍ നടക്കുന്ന ആസിയാന്‍ കപ്പും ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയില്‍ നിശ്ചയിച്ചിരിക്കുന്ന ബ്രസീലിനെതിരായ സൗഹൃദ മത്സരവും ഒരേ സമയത്തായതിനാലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പിന്മാറാനുള്ള തീരുമാനം എടുത്തത്.

ഇരു മത്സരങ്ങളിലും വ്യത്യസ്ത ടീമുകളെ അണിനിരത്തി പങ്കെടുക്കുന്നതിനെക്കുറിച്ച് നേരത്തെ എഐഎഫ്എഫ് ആലോചിച്ചിരുന്നു. എന്നാല്‍, ഈ നീക്കം ഒഴിവാക്കി ബ്രസീലിനെതിരായ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഫെഡറേഷന്റെ തീരുമാനം. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം. സത്യനാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ബ്രസീലിനെതിരായ പോരാട്ടവും ഫിഫ ആസിയാന്‍ കപ്പും ഒരേസമയം കളിക്കാന്‍ കഴിയില്ല എന്നതിനാലാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്’ എന്നാണ് സത്യനാരായണന്‍ പി.ടി.ഐയോട് പ്രതികരിച്ചത്.

അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരെ കളിക്കാനുള്ള അവസരം ഇന്ത്യന്‍ താരങ്ങള്‍ക്ക് അപൂര്‍വമായ അനുഭവമായിരിക്കുമെന്നാണ് എഐഎഫ്എഫ് വിലയിരുത്തുന്നത്. ഈ മത്സരത്തിന് തന്നെയാണ് ഫെഡറേഷന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കൊല്‍ക്കത്തയിലാണ് ബ്രസീലിനെതിരായ ഇന്ത്യയുടെ സൗഹൃദ മത്സരം. ലോക ഫുട്‌ബോളിലെ വമ്പന്‍ ശക്തിക്കെതിരെ സ്വന്തം മണ്ണില്‍ കളിക്കാനുള്ള അവസരം ഇന്ത്യന്‍ ടീമിന് വലിയ പ്രാധാന്യമുള്ളതായാണ് വിലയിരുത്തല്‍.

ഇന്തോനേഷ്യയില്‍ നടക്കുന്ന പ്രഥമ ഫിഫ ആസിയാന്‍ കപ്പില്‍ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ ടീമുകള്‍ക്കെതിരെയായിരുന്നു ഇന്ത്യയുടെ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഒരേസമയം രണ്ട് മത്സരങ്ങളിലും പങ്കെടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് ഇന്ത്യയുടെ പിന്മാറ്റത്തിന് പ്രധാന കാരണം. ബ്രസീലിനെതിരായ മത്സരത്തിന് മുന്‍ഗണന നല്‍കാനുള്ള എഐഎഫ്എഫിന്റെ തീരുമാനത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ നേരത്തെ പ്രതികരിച്ചിരുന്നു.

ആസിയാന്‍ കപ്പിനാണ് ഇന്ത്യ കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ബ്രസീലിനെതിരെ കളിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ മത്സരത്തിന് തിരഞ്ഞെടുത്തിരിക്കുന്ന സമയമാണ് പ്രശ്‌നമെന്നും ബൂട്ടിയ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് വ്യത്യസ്ത ടീമുകളെ മത്സരങ്ങള്‍ക്കായി അയക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഒടുവില്‍ ബ്രസീലിനെതിരായ പോരാട്ടത്തിന് തന്നെയാണ് ഇന്ത്യയുടെ മുന്‍ഗണന. ഇതോടെ പ്രഥമ ഫിഫ ആസിയാന്‍ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സാന്നിധ്യമുണ്ടാകില്ല.

Share