ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

Published by
ജനം വെബ്‌ഡെസ്ക്

ജംഷേദ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സ് സ്പോര്‍ട്സ് ക്ലബ്ബിന് കൈമാറി ടാറ്റാ സ്റ്റീല്‍. ജംഷേദ്പൂര്‍ ഫുട്‌ബോള്‍ ആന്‍ഡ് സ്പോര്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഗോവന്‍ ക്ലബ്ബിന് കൈമാറിയത് കേവലം 100 രൂപയുടെ നാമമാത്ര തുകയ്‌ക്കാണ്. വെള്ളിയാഴ്ച ചേര്‍ന്ന ടാറ്റാ സ്റ്റീല്‍ ഡയറക്ടര്‍ ബോര്‍ഡ് കമ്മിറ്റി യോഗത്തിലാണ് ഇടപാടിന് അംഗീകാരം നല്‍കിയത്. ടാറ്റാ സ്റ്റീലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ സബ്സിഡിയറിയുടെ 4.08 കോടി ഇക്വിറ്റി ഓഹരികളാണ് ചര്‍ച്ചില്‍ ബ്രദേഴ്സിന് കൈമാറുന്നത്. ഇതുസംബന്ധിച്ച ഓഹരി വില്‍പ്പന കരാറില്‍ ഇരു കമ്പനികളും ഒപ്പുവച്ചു.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അംഗീകാരം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 31നകം കൈമാറ്റം പൂര്‍ത്തിയാക്കാനാണ് നീക്കം. എഐഎഫ്എഫ് ചട്ടങ്ങള്‍ പാലിച്ച് ജംഷേദ്പൂര്‍ എഫ്സിയുടെ ഐഎസ്എല്‍ സ്പോര്‍ട്ടിങ് ലൈസന്‍സും ചര്‍ച്ചില്‍ ബ്രദേഴ്സിന് കൈമാറും. 2026 സെപ്റ്റംബര്‍ മുതല്‍ ജംഷേദ്പൂര്‍ എഫ്സിയിലെ 12 കളിക്കാരുടെയും രണ്ട് പരിശീലകരുടെയും കരാറുകള്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഏറ്റെടുക്കും. ഇതോടെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഐഎസ്എല്ലില്‍ തന്നെ പ്രൊഫഷണല്‍ കരിയര്‍ തുടരാനാകും.

ജംഷേദ്പൂര്‍ എഫ്സിയുടെ നേരിട്ടുള്ള ഉടമസ്ഥതയില്‍നിന്ന് ടാറ്റാ സ്റ്റീല്‍ പിന്മാറുകയാണെങ്കിലും ഫുട്‌ബോളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കില്ല. പ്രാദേശിക, ഗോത്രവര്‍ഗ മേഖലകളില്‍ നിന്നുള്ള പ്രതിഭകളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഗ്രാസ്റൂട്ട്, യൂത്ത് ഫുട്‌ബോള്‍ പദ്ധതികളില്‍ ടാറ്റാ സ്റ്റീല്‍ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 1987ല്‍ ജംഷേദ്പൂരില്‍ ആരംഭിച്ച ടാറ്റാ ഫുട്‌ബോള്‍ അക്കാദമി ഇന്ത്യന്‍ ഫുട്‌ബോളിലെ ശ്രദ്ധേയമായ പ്രതിഭാ വികസന കേന്ദ്രങ്ങളിലൊന്നാണ്.

ഇതുവരെ 300ലേറെ താരങ്ങള്‍ക്ക് അക്കാദമി പരിശീലനം നല്‍കിയിട്ടുണ്ട്. ഇതില്‍ ഏകദേശം 150 പേര്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. രണ്ട് തവണ ഐ-ലീഗ് കിരീടം നേടിയിട്ടുള്ള ഗോവന്‍ ക്ലബ്ബാണ് ചര്‍ച്ചില്‍ ബ്രദേഴ്സ്. എഐഎഫ്എഫുമായുള്ള നിയമതര്‍ക്കങ്ങളെ തുടര്‍ന്ന് നേരത്തെ മൂന്നാം ഡിവിഷനായ ഐ-ലീഗ് 2ലേക്ക് തരംതാഴ്‌ത്തപ്പെട്ടിരുന്ന ക്ലബ്ബിന് ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശ കൈമാറ്റത്തോടെ ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

ഇതോടെ ടാറ്റാ സ്റ്റീലിന്റെ ജംഷേദ്പൂര്‍ എഫ്സിയുമായുള്ള നേരിട്ടുള്ള ഉടമസ്ഥതയ്‌ക്ക് വിരാമമാകുമ്പോള്‍, ചര്‍ച്ചില്‍ ബ്രദേഴ്സിന് ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ ക്ലബ് വേദിയായ ഐഎസ്എല്ലിലേക്ക് പുതിയ വഴിയും തുറക്കുകയാണ്.

Share