വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ തോക്ക് പൊട്ടി; എയർ ഇന്ത്യ യാത്രക്കാരന്റെ പിസ്റ്റളിൽ നിന്ന് വെടിയേറ്റ് രണ്ട് ജീവനക്കാർക്ക് പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർത്തു. സംഭവത്തിൽ രണ്ട് AAICLAS സ്‌ക്രീനർമാർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു.

രാവിലെ 9.30ഓടെയാണ് സംഭവം. ഭാര്യയോടൊപ്പം മുംബൈയിലേക്ക് യാത്ര ചെയ്യാനെത്തിയ യാത്രക്കാരനാണ് തോക്ക് കൈവശമുണ്ടെന്ന് അധികൃതരെ അറിയിച്ചത്. എയർ ഇന്ത്യയുടെ IX-1810 വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കായിരുന്നു ഇയാളുടെ യാത്ര.

യാത്രക്കാരൻ കൈവശം ആയുധമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർത്തത്. തുടർന്ന് ഒരു വനിതാ ജീവനക്കാരി ഉൾപ്പെടെ രണ്ട് AAICLAS സ്‌ക്രീനർമാർക്ക് പരിക്കേറ്റു.

അധികൃതർ യാത്രക്കാരന്റെ പേര് പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇയാൾ അസംഗഢ് സ്വദേശിയാണെന്നും, ഒരു പിസ്റ്റളും മാഗസിനും കൈവശം ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിലവിൽ പരിക്കേറ്റ രണ്ട് ജീവനക്കാരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനാ നടപടികളിലും ആയുധവുമായി ബന്ധപ്പെട്ട പരിശോധനയിലും അധികൃതർ കൂടുതൽ ജാഗ്രത പുലർത്തുകയാണ്.

Share