ഇന്ത്യയുടെ പ്രതിരോധമേഖലയിൽ നിർണായക നേട്ടം; ജെറ്റ് എൻജിൻ കരുത്തുള്ള ‘ദിവ്യാസ്ത്ര Mk3’ ആദ്യ പറക്കൽ വിജയകരം

Published by
ജനം വെബ്‌ഡെസ്ക്

ലഖ്‌നൗ: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ജെറ്റ് എൻജിൻ കരുത്തുള്ള ലോയിറ്ററിങ് മ്യൂണിഷനായ ‘ദിവ്യാസ്ത്ര Mk3’ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. കാവ UAV പ്രൈവറ്റ് ലിമിറ്റഡിന്റെ (HoverIt) നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്. ഓഗസ്റ്റ് 11നായിരുന്നു ആദ്യ പറക്കൽ.

DG Propulsion വികസിപ്പിച്ച തദ്ദേശീയ ജെറ്റ് എൻജിനാണ് ദിവ്യാസ്ത്ര Mk3യിൽ ഉപയോഗിച്ചിരിക്കുന്നത്. വിദേശ ജെറ്റ് എൻജിനുകളോ നിർണായക വിദേശ ഉപസംവിധാനങ്ങളോ ആശ്രയിക്കാതെയാണ് സംവിധാനം വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനുള്ളിലാണ് ആദ്യ പറക്കൽ പൂർത്തിയാക്കിയതെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയ്‌ക്ക് ജെറ്റ് എൻജിൻ കരുത്തുള്ള കൃത്യതയേറിയ ആക്രമണ സംവിധാനങ്ങൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും പരീക്ഷിക്കാനും കഴിയുമെന്ന് തെളിയിക്കുന്ന പ്രധാന നേട്ടമാണിതെന്ന് കമ്പനി സഹസ്ഥാപകർ പറഞ്ഞു. പ്രതിരോധ നിർമാണ മേഖലയിലെ ആത്മനിർഭരതയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് നേട്ടത്തെ വിലയിരുത്തുന്നത്.

അതേസമയം, ആന്ധ്രപ്രദേശിലെ കുർണൂലിന് സമീപമുള്ള ഡിആർഡിഒ പരീക്ഷണകേന്ദ്രത്തിൽ യു.എ.വി. ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ (ULPGM)-V3യുടെ വികസന പരീക്ഷണങ്ങളും ഡിആർഡിഒ പൂർത്തിയാക്കിയിരുന്നു. എയർ-ടു-ഗ്രൗണ്ട്, എയർ-ടു-എയർ മോഡുകളിലായിരുന്നു പരീക്ഷണം.

യു.എ.വി. സംവിധാനത്തെ നിയന്ത്രിക്കുന്ന ഇന്റഗ്രേറ്റഡ് ഗ്രൗണ്ട് കൺട്രോൾ സിസ്റ്റത്തിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണങ്ങൾ. ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് എന്നിവയാണ് സംവിധാനത്തിന്റെ വികസനത്തിനും ഉൽപ്പാദനത്തിനുമായി ഡിആർഡിഒയുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾ. ബെംഗളൂരുവിലെ ന്യൂസ്‌പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ് വികസിപ്പിച്ച യു.എ.വികളിലാണ് നിലവിലെ പരീക്ഷണങ്ങൾക്കായി സംവിധാനം സംയോജിപ്പിച്ചത്.

ULPGM-V3യുടെ വിജയകരമായ വികസന പരീക്ഷണങ്ങളെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. പ്രതിരോധ മേഖലയിലെ ആത്മനിർഭരതയിലേക്കുള്ള തന്ത്രപ്രധാനമായ നേട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

Share