രാജ്യത്തെ പാചകവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതി തടസ്സപ്പെടുന്ന സാഹചര്യത്തില്‍ രാജ്യത്തെ പാചകവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എണ്ണ ശുദ്ധീകരണശാലകള്‍ക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു. പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ 21 പ്രധാന റിഫൈനറികളും പൊതുമേഖലാ എണ്ണ ഉല്‍പ്പാദന കമ്പനികളും ചേര്‍ന്ന് പ്രതിദിനം 63,810 ടണ്‍ വരെ എല്‍പിജി ഉല്‍പ്പാദിപ്പിക്കണം.

രാജ്യത്തെ പ്രതിദിന പാചകവാതക ആവശ്യകതയുടെ ഏകദേശം 70 ശതമാനം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഉറപ്പാക്കുകയാണ് ലക്ഷ്യം. ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന ലക്ഷ്യം സ്വകാര്യ മേഖലയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് നല്‍കിയിരിക്കുന്നത്. ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിയില്‍നിന്ന് പ്രതിദിനം 18,000 ടണ്‍ എല്‍പിജി ഉല്‍പ്പാദിപ്പിക്കണമെന്നാണ് നിര്‍ദേശം. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നിയന്ത്രണത്തിലുള്ള 18 റിഫൈനറികള്‍ ചേര്‍ന്ന് പ്രതിദിനം 31,470 ടണ്‍ എല്‍പിജി ഉല്‍പ്പാദിപ്പിക്കണം.

നയാര എനര്‍ജി 4,480 ടണ്ണും ഒഎന്‍ജിസി, ഗെയില്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 6,460 ടണ്ണും ഉല്‍പ്പാദിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 33.2 ദശലക്ഷം ടണ്‍ എല്‍പിജിയാണ് ഉപയോഗിച്ചത്. ഇതില്‍ 64 ശതമാനത്തിലധികവും പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയില്‍നിന്നുള്ള ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും എല്‍പിജി വിതരണ ശൃംഖലയെ ബാധിച്ചതോടെയാണ് ആഭ്യന്തര ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചത്.

വിപണിയില്‍ പാചകവാതക ക്ഷാമവും അനാവശ്യ വിലക്കയറ്റവും ഒഴിവാക്കുന്നതിനൊപ്പം അടിയന്തര ശേഖരം ഉറപ്പാക്കുന്നതിനും ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കമ്പനികളുടെ ഉല്‍പ്പാദന പുരോഗതി എല്ലാ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും സര്‍ക്കാര്‍ വിലയിരുത്തുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

Share