ജാർഖണ്ഡിൽ വിദ്യാർത്ഥി സമരം വിജയം; ജെ എം എം – കോൺഗ്രസ് സർക്കാർ മുട്ടുമടക്കി, JSSC-CGL പരീക്ഷ റദ്ദാക്കി, 2014 മുതലുള്ള പരീക്ഷകളിൽ CID അന്വേഷണം

Published by
ജനം വെബ്‌ഡെസ്ക്

റാഞ്ചി: പരീക്ഷാക്രമക്കേടുകൾക്കും ചോദ്യ പേപ്പർ ചോർച്ചയ്‌ക്കുമെതിരെ 24 ദിവസമായി ജാർഖണ്ഡിൽ വിദ്യാർത്ഥികൾ നടത്തിയ ശക്തമായ സമരത്തിന് ഒടുവിൽ വിജയം. റാഞ്ചിയിലെ ജയ്‌പാൽ സിംഗ് മുണ്ട ഗ്രൗണ്ടിൽ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ജാർഖണ്ഡ് മുക്തിമോർച്ചയും കോൺഗ്രസും ചേർന്ന് ഭരിക്കുന്ന സർക്കാർ ഒടുവിൽ വഴങ്ങി. വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് JSSC-CGL പരീക്ഷ റദ്ദാക്കാനും 2014 മുതൽ സംസ്ഥാനത്ത് നടന്ന പരീക്ഷകളെക്കുറിച്ച് CID അന്വേഷണം നടത്താനും മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രഖ്യാപിച്ചു.

ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചത്. ഇതിന്റെ ഭാഗമായി ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (JSSC-CGL) പരീക്ഷ റദ്ദാക്കും. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നതിനായി 2014 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാ പരീക്ഷകളെക്കുറിച്ചും CID അന്വേഷണം നടത്താനും സർക്കാർ തീരുമാനിച്ചു. വിരമിച്ച ഒരു ജഡ്ജിയുടെ മേൽനോട്ടത്തിൽ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണവും നടത്തും.

ലഖ്‌നൗ ആസ്ഥാനമായുള്ള മാനേജ്‌മെന്റ് ഏജൻസിയായ TSR ഡാറ്റ പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് (TDPL) വഴി നടത്തിയ എല്ലാ റിക്രൂട്ട്‌മെന്റുകളും റദ്ദാക്കാനും സർക്കാർ തീരുമാനിച്ചു. TDPL നടത്തിയ എല്ലാ പരീക്ഷകളും അതിന്റെ ഫലപ്രഖ്യാപനങ്ങളും നിയമനങ്ങളും റദ്ദാക്കുമെന്ന് ഹേമന്ത് സോറൻ വ്യക്തമാക്കി. സംസ്ഥാനത്ത് TDPLന്റെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

2014 മുതൽ TDPL നടത്തിയ എല്ലാ പരീക്ഷകളും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (CID) അന്വേഷിക്കും. TDPL പ്രസിദ്ധീകരിച്ച ഫലങ്ങളും റദ്ദാക്കുമെന്ന് സോറൻ അറിയിച്ചു. CIDയും പ്രത്യേക അന്വേഷണ സംഘവും നടത്തിയ അന്വേഷണങ്ങളിൽ നിരവധി “കുറ്റകരമായ വസ്തുതകൾ” പുറത്തുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. JSSC വഴി റിക്രൂട്ട് ചെയ്യപ്പെട്ട ആളുകളെ പരീക്ഷകളിലെ വഞ്ചന, കൃത്രിമം എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“കഴിഞ്ഞ 24 ദിവസമായി വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലാണ്. മന്ത്രിയുടെ പാനൽ പ്രതിഷേധക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്,” സോറൻ പറഞ്ഞു. പ്രതിഷേധക്കാർ ഉന്നയിച്ച ആശങ്കകൾ സർക്കാർ ഗൗരവമായി കാണുന്നുവെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളും തമ്മിൽ നേരത്തെ നടന്ന ചർച്ചകൾ തീരുമാനമാകാതെ നീണ്ടുപോയതോടെയാണ് ഒടുവിൽ സർക്കാർ നിർണായക പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം വന്നതോടെ സമരപ്പന്തലിൽ ആർപ്പുവിളികളും സന്തോഷക്കണ്ണീരും പരസ്പരം അഭിനന്ദനങ്ങളും നിറഞ്ഞു. വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചതോടെ സമരം ഉടൻ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.

JSSC-CGL പരീക്ഷ റദ്ദാക്കുകയും ആരോപണവിധേയമായ ക്രമക്കേടുകളിൽ CBI അന്വേഷണം നടത്തുകയും വേണമെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. JPSC, JSSC-CGL പരീക്ഷകളിലെ ക്രമക്കേടുകളും പേപ്പർ ചോർച്ചയും ആരോപിച്ച് ജൂലൈ 25ന് റാഞ്ചിയിലെ വാപു ബാട്ടിക ഗ്രൗണ്ടിൽ ചെറിയൊരു സംഘം വിദ്യാർത്ഥികളാണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് ഡൽഹിയിലെ ജന്തർ മന്തറിലേതിന് സമാനമായ വലിയ വിദ്യാർത്ഥി പ്രക്ഷോഭമായി വളർന്നു.

ജാർഖണ്ഡ് ലോക് താന്ത്രിക് ക്രാന്തികാരി മോർച്ച (JKLM) നേതാവ് ദേവേന്ദ്ര നാഥ് മഹാതോ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആഴ്ചകൾക്ക് ശേഷം നിരവധി വിദ്യാർത്ഥികളും നിരാഹാര സമരം പ്രഖ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ സർക്കാർ വിദ്യാർത്ഥികളെ ചർച്ചയ്‌ക്ക് ക്ഷണിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല.

ഓഗസ്റ്റ് 10ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ സംസ്ഥാന നിയമസഭയിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ അവിടെ ലാത്തിച്ചാർജും ജലപീരങ്കിയും നേരിടേണ്ടിവന്നു. ഇതോടെ സമരം കൂടുതൽ ശക്തമായി.

സർക്കാർ പരീക്ഷ റദ്ദാക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ദേവേന്ദ്ര നാഥ് മഹാതോ ജാർഖണ്ഡിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു. “വിദ്യാർത്ഥികളുടെ ആശങ്കകൾ ഗൗരവമായി എടുക്കുകയും ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. ഏറ്റവും പ്രധാനമായി, അന്വേഷണം സൂക്ഷ്മമായി നടക്കുന്നു, അഴിമതിയിൽ ഉൾപ്പെട്ടവരെ പിടികൂടുന്നു, ഈ സംഘങ്ങളുടെ പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു,” നിരാഹാര സമരം അവസാനിപ്പിച്ച ശേഷം മഹാതോ പറഞ്ഞു.

ഡൽഹിയിലെ ജന്തർ മന്തറിലെ സമരത്തിലൂടെ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിക്ക് ജാർഖണ്ഡിൽ വിദ്യാർത്ഥി സമരത്തിലൂടെ തിരിച്ചടി ലഭിച്ചു വന്നു രാഷ്‌ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. കോൺഗ്രസ് സർക്കാരിൽ പങ്കാളിയായതിനാൽ സംസ്ഥാനത്തെ പരീക്ഷാക്രമക്കേടിനെതിരെ നടന്ന സമരത്തിൽ കോൺഗ്രസ് പങ്കെടുത്തിരുന്നില്ല. പരീക്ഷാക്രമക്കേടിനെതിരെ ശബ്ദമുയർത്തുമെന്ന് പ്രഖ്യാപിച്ച കോക്രോച്ച് ജനതാപാർട്ടിയും കോൺഗ്രസിന് സർക്കാരിൽ പങ്കുള്ളതിനാൽ സമരത്തിൽ പങ്കെടുത്തിരുന്നില്ല.

ബിജെപി, കോൺഗ്രസ്, ജെഡിയു(എസ്) അടക്കമുള്ള രാഷ്‌ട്രീയ വിഭാഗങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്കിടയിലും, വിദ്യാർത്ഥികളുടെ 24 ദിവസത്തെ പോരാട്ടമാണ് ഒടുവിൽ സർക്കാരിനെ നിർണായക തീരുമാനത്തിലേക്ക് നയിച്ചത്. JSSC-CGL പരീക്ഷ റദ്ദാക്കൽ, TDPLന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കൽ, 2014 മുതലുള്ള പരീക്ഷകളിൽ CID അന്വേഷണം, വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള സമഗ്ര അന്വേഷണം എന്നിവയാണ് സർക്കാർ പ്രഖ്യാപിച്ച പ്രധാന നടപടികൾ.

Share