ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അമിത വർധനയിൽ വിമാനക്കമ്പനികൾക്ക് ശക്തമായ മുന്നറിയിപ്പുമായി സുപ്രീം കോടതി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്ത വിമാനക്കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ആവശ്യമെങ്കിൽ സർവീസ് വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. വിമാന ടിക്കറ്റ് നിരക്ക്, നിരക്കുകളിലെ വർധന, അധിക ബാഗേജ് ചാർജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ കരട് ചട്ടങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടും, വിമാനക്കമ്പനികൾ നിലവിലുള്ള നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന വിമർശനവും കോടതിയിൽ ഉയർന്നു.
നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ തിങ്കളാഴ്ചയാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
ഉത്സവ സീസണുകളിലും അവധി ദിവസങ്ങളിലും വിമാനക്കമ്പനികൾ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന ആരോപണം ഉന്നയിച്ചുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടൽ.
കേന്ദ്ര സർക്കാർ നിലവിൽ പുറപ്പെടുവിച്ചിട്ടുള്ള ഔദ്യോഗിക മെമ്മോറാണ്ടം പോലും വിമാനക്കമ്പനികൾ പാലിക്കുന്നില്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. യാത്രക്കാരുടെ ആവശ്യകത വർധിക്കുന്ന അവധി ദിവസങ്ങളിലും ഉത്സവകാലത്തും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത് സാധാരണ യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നാണ് ഹർജിക്കാരന്റെ വാദം.
വിമാന ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്താൻ സർക്കാരിന് കഴിയില്ലെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി പാർലമെന്റിൽ നടത്തിയ പ്രസ്താവനയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ അന്തിമമാകുന്നതുവരെ സിവിൽ ഏവിയേഷൻ മന്ത്രാലയം ഓഫീസ് മെമ്മോറാണ്ടങ്ങൾ വഴി വിമാനക്കമ്പനികൾക്ക് നിർദേശങ്ങൾ നൽകുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
വിലനിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തമായ ചട്ടക്കൂട് കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി. പുതിയ നിയമങ്ങൾ അന്തിമമാക്കാൻ കേന്ദ്ര സർക്കാർ കോടതിയോട് മൂന്ന് ആഴ്ചത്തെ സമയം ആവശ്യപ്പെട്ടു.
എന്നാൽ നിയമങ്ങൾ അന്തിമമാകുന്നതുവരെ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കുന്ന നിലവിലെ നിർദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന നിലപാടിലാണ് സുപ്രീം കോടതി.