ഫിഫയില്‍ വീണ്ടും പൊട്ടിത്തെറി; ജിയാനി ഇന്‍ഫാന്റിനോയെ വിമര്‍ശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന്‍ ലാമൂര്‍ പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

സൂറിച്ച്: ലോക ഫുട്ബോള്‍ ഭരണസംഘടനയായ ഫിഫയില്‍ വീണ്ടും വിവാദം. പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ ലോകകപ്പ് വരുമാനവുമായി ബന്ധപ്പെട്ട പദ്ധതിയെ പരസ്യമായി വിമര്‍ശിച്ച് ആഴ്ചകള്‍ക്കകം ഫിഫ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന്‍ ലാമൂര്‍ സ്ഥാനമൊഴിഞ്ഞു. ഫിഫയും ലാമൂറുമായുള്ള ഔദ്യോഗിക പ്രവര്‍ത്തനബന്ധം അവസാനിച്ചതായി സംഘടന സ്ഥിരീകരിച്ചു.

ഭാവിയിലെ ലോകകപ്പ് മത്സരങ്ങളില്‍നിന്നുള്ള വരുമാനത്തില്‍ സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ക്ക് പങ്കാളിത്തം നല്‍കാനുള്ള ഇന്‍ഫാന്റിനോയുടെ 20 ബില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ഓഗസ്റ്റ് ഒന്നിന് അസോസിയേറ്റഡ് പ്രസിന് നല്‍കിയ പ്രസ്താവനയില്‍ ഫിഫ ജീവനക്കാര്‍ക്ക് പദ്ധതിയുടെ ആസൂത്രണത്തില്‍ ഇന്‍ഫാന്റിനോ വേണ്ടത്ര കാര്യങ്ങള്‍ തുറന്നുപറഞ്ഞില്ലെന്നും ജീവനക്കാരെ ‘വഞ്ചിച്ചെന്നും’ ലാമൂര്‍ ആരോപിച്ചിരുന്നു.

ഇന്‍ഫാന്റിനോ തന്നെ പുറത്താക്കാന്‍ ക്ഷണിക്കുന്ന തരത്തിലുള്ളതായിരുന്നു ലാമൂറിന്റെ പ്രസ്താവനയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാമൂറിന്റെ സ്ഥാനമാറ്റം സംബന്ധിച്ച് ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തെ സേവനത്തിന് നന്ദി അറിയിച്ച ഫിഫ, അദ്ദേഹത്തിന്റെ ഭാവിക്ക് ആശംസകള്‍ നേര്‍ന്നതായും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കില്ലെന്നും വ്യക്തമാക്കി.

അതേസമയം, പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമായതോടെ ഇന്‍ഫാന്റിനോ സമ്മര്‍ദത്തിലായിരിക്കുകയാണ്. യൂറോപ്പിലെ യുവേഫ, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍, വടക്കന്‍, മധ്യ അമേരിക്ക, കരീബിയന്‍ മേഖലകളിലെ കോണ്‍ഫെഡറേഷന്‍ എന്നിവയുടെ തലവന്മാര്‍ ഇന്‍ഫാന്റിനോയുടെ ലോകകപ്പ് പദ്ധതിയെ ‘വിശ്വാസത്തിന്റെ അടിസ്ഥാനപരമായ ലംഘനം’ എന്നും ‘വഞ്ചന’ എന്നും വിശേഷിപ്പിച്ച് കഴിഞ്ഞ ആഴ്ച തുറന്ന കത്ത് നല്‍കിയിരുന്നു.

ആഗോള ഫുട്ബോള്‍ സംഘടനകളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്‍ഫാന്റിനോ 20 ബില്യണ്‍ ഡോളറിന്റെ പദ്ധതി പിന്‍വലിച്ചിരുന്നു. പദ്ധതിക്കെതിരെ യുവേഫ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഫിഫയുടെ മത്സരങ്ങളും പരിപാടികളും ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് യുവേഫ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Share