തിരുവനന്തപുരം: ഓട്ടം വിളിച്ചെത്തിച്ച ഊബർ കാർ ഡ്രൈവറുടെ കണ്ണുവെട്ടിച്ച് തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നു. കഠിനംകുളത്താണ് സിനിമയെ വെല്ലുന്ന രീതിയിൽ യുവാവ് ഊബർ കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. പുതുക്കുറിച്ചി സ്വദേശി സുഹൈൽ കനി (32) ആണ് കാറുമായി രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ഓട്ടം വിളിച്ച സുഹൈൽ കനി പെരുമാതുറ ജംഗ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്നും അതുവരെ കാത്തിരിക്കണമെന്നും ഊബർ കാർ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഡ്രൈവർ കാത്തുനിൽക്കുന്നതിനിടെ സമീപത്തെ കടയിൽ ചായ കുടിക്കാൻ ഇറങ്ങിയതാണ് നിർണായകമായത്. ഈ അവസരം മുതലെടുത്ത് സുഹൈൽ കാറിൽ കയറി അതുമായി കടന്നുകളയുകയായിരുന്നു.
കാർ നഷ്ടപ്പെട്ടതോടെ ഡ്രൈവർ ഉടൻ കഠിനംകുളം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർ വർക്കല ഭാഗത്തേക്ക് പോയതായി പൊലീസ് കണ്ടെത്തി. ഇതിനിടെ കാർ ചെറിയതുറയിൽ നിന്ന് കണ്ടെത്തിയതായും വിവരമുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
സംഭവത്തിന് തൊട്ടുമുമ്പ് സുഹൈൽ കനി അക്രമസംഭവത്തിലും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാൾ മൂന്ന് പേരെ മർദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായാണ് വിവരം. ആക്രമണത്തിൽ പരിക്കേറ്റ പുതുക്കുറിച്ചി സ്വദേശി ഷറഫുദ്ദീൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിക്കപ്പെട്ട മറ്റ് രണ്ടുപേരും റൗഡി ലിസ്റ്റിൽപ്പെട്ടവരാണെന്നാണ് പൊലീസ് പറയുന്നത്.
ഈ ആക്രമണവുമായി ബന്ധപ്പെട്ട് സുഹൈലിനെതിരെ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഊബർ കാർ തട്ടിയെടുത്ത് ഇയാൾ വീണ്ടും രക്ഷപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ സുഹൈൽ കനി നേരത്തെയും പൊലീസിന്റെ നടപടികൾ നേരിട്ടിട്ടുണ്ട്. കാപ്പ നിയമപ്രകാരം ഒരിക്കൽ നാടുകടത്തപ്പെട്ടിരുന്ന ഇയാൾ ആറുമാസത്തെ ജയിൽ ശിക്ഷയും അനുഭവിച്ച ശേഷം പുറത്തിറങ്ങിയ ആളാണ്.
അക്രമക്കേസിന് പിന്നാലെ ഊബർ കാർ തട്ടിയെടുത്ത് വീണ്ടും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടതോടെ സുഹൈലിനായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി. നഗരത്തിലെ വിവിധ ഭാഗങ്ങളിലും ഇയാൾ പോകാൻ സാധ്യതയുള്ള മേഖലകളിലും പരിശോധന തുടരുകയാണ്. കാർ കണ്ടെത്തിയ സാഹചര്യത്തിൽ വാഹനവുമായി ബന്ധപ്പെട്ട തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്.