കേരള ക്രിക്കറ്റ് ലീഗിന് ഇനി അംപയറിങ്ങിലും ‘സ്റ്റാര്‍ പവര്‍’; അനന്തപത്മനാഭനടക്കം 15 അംഗ പാനല്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പ്രമുഖ അംപയര്‍മാരുടെ നിരയൊരുക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. മുന്‍ ഇന്ത്യന്‍ താരവും ഐസിസി എലൈറ്റ് പാനലില്‍ ഇടം നേടിയ ആദ്യ മലയാളി അംപയറുമായ കെ.എന്‍. അനന്തപത്മനാഭന്‍, ഐപിഎല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടൂര്‍ണമെന്റുകളില്‍ അംപയറിങ് നിര്‍വഹിച്ച ടോണി ഇമ്മട്ടി എന്നിവരടക്കം 15 പേരാണ് ഇത്തവണ കെസിഎല്ലിലെ മത്സരങ്ങള്‍ നിയന്ത്രിക്കുക.

മത്സരങ്ങളിലെ തീരുമാനങ്ങളുടെ കൃത്യത ഉറപ്പാക്കി ലീഗിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെസിഎ മികച്ച അംപയറിങ് പാനലിനെ തെരഞ്ഞെടുത്തിരിക്കുന്നത്. 15 അംഗ പാനലില്‍ 10 പേര്‍ ബിസിസിഐ പാനലില്‍നിന്നും അഞ്ച് പേര്‍ കെസിഎയുടെ സംസ്ഥാന പാനലില്‍നിന്നുമുള്ളവരുമാണ്. ഓരോ മത്സരത്തിനും നാല് അംപയര്‍മാരുണ്ടാകും. ഓണ്‍ഫീല്‍ഡ് അംപയറുമാരായി ബിസിസിഐ പാനലിലുള്ള രണ്ട് പേരുണ്ടാകും. റിവ്യൂകള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നത് തേര്‍ഡ് അംപയറാണ്.

ഫോര്‍ത്ത് അംപയര്‍ റിസര്‍വ് അംപയറായും പ്രവര്‍ത്തിക്കും. പന്തുകള്‍ സൂക്ഷിക്കുക, ഡഗ് ഔട്ടിലേക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കൈമാറുക തുടങ്ങിയ ചുമതലകള്‍ക്കൊപ്പം ഓണ്‍ഫീല്‍ഡ് അംപയര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ പകരം ചുമതലയേല്‍ക്കുന്നതും ഫോര്‍ത്ത് അംപയറാണ്. മുന്‍ കേരള ടീം ക്യാപ്റ്റനായിരുന്ന കെ.എന്‍. അനന്തപത്മനാഭന്‍ നിരവധി അന്താരാഷ്‌ട്ര മത്സരങ്ങളിലും ഐപിഎല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടി20 ലീഗുകളിലും അംപയറിങ് നിര്‍വഹിച്ചിട്ടുണ്ട്. ഐസിസി എലൈറ്റ് പാനലിലെത്തിയ ആദ്യ മലയാളി അംപയറെന്ന നേട്ടവും അദ്ദേഹത്തിനുണ്ട്.

ഐപിഎല്‍, വനിതാ പ്രീമിയര്‍ ലീഗ്, രഞ്ജി ട്രോഫി തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ അംപയറിങ് ചെയ്തിട്ടുള്ള ടോണി ഇമ്മട്ടിയും പാനലിലെ പ്രധാന സാന്നിധ്യമാണ്. അദ്ദേഹം ബിസിസിഐ ലെവല്‍ 2 അംപയര്‍ കൂടിയാണ്. വിശ്വജിത്ത് ബി, നിധിന്‍ കെ, ശിവകുമാര്‍ എ, അലി അസ്ഗര്‍, ഘനശ്യാം പ്രഭു, ഭരത് എം.എസ്, ജിഷ്ണു അജിത്, ശങ്കര്‍ എസ്. എന്നിവരാണ് ബിസിസിഐ പാനലിലെ മറ്റ് അംപയര്‍മാര്‍. മധുസൂദനന്‍, അഖില്‍ വേണുഗോപാല്‍, വികാസ് അഗര്‍വാള്‍, ഹര്‍ഷാദ് ബേസില്‍, ജസ്റ്റിന്‍ മാടവന എന്നിവരാണ് കെസിഎ പാനലില്‍നിന്നുള്ളവര്‍.

അന്താരാഷ്‌ട്ര മത്സരങ്ങളുടെ മാതൃകയില്‍ ‘ഹോക് ഐ’ സാങ്കേതികവിദ്യയും ഇത്തവണ കേരള ക്രിക്കറ്റ് ലീഗില്‍ അവതരിപ്പിച്ചിട്ടുണ്ട്. റിവ്യൂകള്‍ കൂടുതല്‍ കൃത്യമായി പരിശോധിക്കാന്‍ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് കെസിഎയുടെ പ്രതീക്ഷ. ഹോക് ഐ എത്തുന്നതോടെ റിവ്യൂകള്‍ കൂടുതല്‍ വിശദമായി പരിശോധിച്ച് കൃത്യമായ തീരുമാനത്തിലെത്താന്‍ സാധിക്കുമെന്ന് അംപയര്‍ എ. ശിവകുമാര്‍ പറഞ്ഞു. സാങ്കേതികവിദ്യ അംപയര്‍മാരുടെ ചുമതല കൂടുതല്‍ മികവുറ്റതാക്കുന്നതിനൊപ്പം ജോലി കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share