പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

Published by
ജനം വെബ്‌ഡെസ്ക്

അക്ബര്‍പൂര്‍ (കാണ്‍പൂര്‍ ദേഹാത്): പാകിസ്ഥാനുമായുള്ള ബന്ധം സംശയിച്ച് ഉത്തര്‍പ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് രണ്ട് പേരെ കാണ്‍പൂരില്‍ കസ്റ്റഡിയിലെടുത്തു. ബകര്‍ ഖാന്‍, സഹോദരി ഉറൂജ് ഫാത്തിമ എന്നിവരെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പാകിസ്ഥാനുമായും സംശയാസ്പദ പ്രവര്‍ത്തനങ്ങളുമായുമുള്ള ഇവരുടെ ബന്ധമാണ് അന്വേഷിക്കുന്നത്.

നേരത്തെ കര്‍ണാടകയില്‍ നിന്ന് മുഹമ്മദ് സമീര്‍, സല്‍മാന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. പാകിസ്ഥാനുമായും ഐഎസ്ഐഎസുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് അന്വേഷണം. ഇതോടെ പാകിസ്ഥാന്‍ ബന്ധം സംശയിക്കുന്നവരുടെ എണ്ണം നാലായെന്നാണ് റിപ്പോര്‍ട്ട്. വിവിധ അന്വേഷണ ഏജന്‍സികള്‍ ചേര്‍ന്ന് ശൃംഖലയിലെ ബന്ധങ്ങള്‍ പരിശോധിക്കുകയാണ്. കഴിഞ്ഞ മാസം ബാല്‌റാംപൂര്‍ ജില്ലയില്‍ നിന്ന് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന ഷഹ്റേസ് അഹമ്മദിനെ യുപി എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.

മുംബൈയില്‍ എംബ്രോയ്ഡറി തൊഴിലാളിയായിരുന്ന അഹമ്മദ് ഫേസ്ബുക്കിലൂടെയും സിഗ്നല്‍ എന്ന എന്‍ക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്ഫോമിലൂടെയും ഐഎസ്ഐ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതായി എടിഎസ് ആരോപിച്ചു. ആയുധങ്ങളും സ്ഫോടക വസ്തുക്കളും രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ നിന്ന് എത്തിക്കാനുള്ള ചുമതല ഇയാള്‍ക്ക് നല്‍കിയിരുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

Share