40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

Published by
ജനം വെബ്‌ഡെസ്ക്

കിങ്സ്റ്റണ്‍: ലോക അത്ലറ്റിക്‌സിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് വിവാഹിതനാകുന്നു. ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെയാണ് 40-ാം ജന്മദിനാഘോഷത്തിനിടെ ബോള്‍ട്ട് വിവാഹത്തിനായി പ്രപ്പോസ് ചെയ്തത്. അപ്രതീക്ഷിതമായി നടന്ന പ്രപ്പോസലിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. കിങ്സ്റ്റണില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന സ്വകാര്യ ചടങ്ങിനിടെയായിരുന്നു ബോള്‍ട്ടിന്റെ സര്‍പ്രൈസ് പ്രപ്പോസല്‍.

അതിഥികളോട് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി മുട്ടുകുത്തിയ ബോള്‍ട്ട് കാസി ബെന്നറ്റിനോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് കാരറ്റിന്റെ വജ്രമോതിരം കാസിയുടെ വിരലില്‍ അണിയിച്ചു. ബോള്‍ട്ടിന്റെ അപ്രതീക്ഷിത നീക്കത്തില്‍ വികാരാധീനയായ കാസി സന്തോഷത്തോടെ പ്രതികരിക്കുകയും വിവാഹനിശ്ചയ മോതിരം എല്ലാവരെയും ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. പിന്നീട് ഇരുവരും പ്രപ്പോസലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

2013ലാണ് ബോള്‍ട്ടും കാസി ബെന്നറ്റും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. 2016ലെ റിയോ ഒളിമ്പിക്‌സിനിടെയാണ് ഇരുവരുടെയും പ്രണയം പൊതുശ്രദ്ധ നേടിയത്. ആ ഒളിമ്പിക്‌സില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4*100 മീറ്റര്‍ റിലേ എന്നിവയില്‍ ബോള്‍ട്ട് സ്വര്‍ണം നേടി ചരിത്രം കുറിച്ചിരുന്നു. ഏകദേശം ഒരു പതിറ്റാണ്ടായി ഒരുമിച്ച് കഴിയുന്ന ബോള്‍ട്ടിനും കാസിക്കും മൂന്ന് മക്കളുണ്ട്. 2020 മേയില്‍ മകള്‍ ഒളിമ്പിയ ലൈറ്റിങ് ജനിച്ചു. 2021 ജൂണിലാണ് ഇരട്ട ആണ്‍മക്കളായ തണ്ടറും സെന്റ് ലിയോയും ജനിച്ചത്.

Share