സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

Published by
ജനം വെബ്‌ഡെസ്ക്

ഡെറാഡൂണ്‍: സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളിലേക്കും മികച്ച തൊഴില്‍ അവസരങ്ങളിലേക്കും വഴിയൊരുക്കാന്‍ പ്രത്യേക ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. അഗ്‌നിവീര്‍മാരുടെ യോഗ്യതയ്‌ക്കും കഴിവിനും അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും അവസരങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കാനും സെല്‍ സഹായിക്കും.

ആവശ്യമായ മാര്‍ഗനിര്‍ദേശവും പിന്തുണയും ലഭ്യമാക്കുകയും ചെയ്യും. അഗ്‌നിവീര്‍മാര്‍ക്കായി പ്രത്യേക തൊഴില്‍ സെല്‍ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യസേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന യുവാക്കള്‍ക്ക് അര്‍ഹമായ പിന്തുണ നല്‍കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ധാമി പറഞ്ഞു. അതേസമയം, രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്‌ക്കായി അവരുടെ പൂര്‍വിക ഗ്രാമങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സൈനികരുടെ ത്യാഗം വരുംതലമുറകള്‍ക്ക് പ്രചോദനമാകുന്നതിനും അവരുടെ കുടുംബങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുമാണ് നടപടി. 2022ല്‍ ആരംഭിച്ച അഗ്‌നിപഥ് പദ്ധതിയിലൂടെയാണ് അഗ്‌നിവീര്‍മാരെ സൈന്യത്തിലേക്ക് നിയമിക്കുന്നത്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം പ്രകടനവും സൈന്യത്തിന്റെ ആവശ്യകതയും പരിഗണിച്ച് പരമാവധി 25 ശതമാനം പേരെ സ്ഥിരസേവനത്തിലേക്ക് നിലനിര്‍ത്തും. ബാക്കിയുള്ളവര്‍ക്ക് വിവിധ തൊഴില്‍ അവസരങ്ങള്‍ തേടേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഉത്തരാഖണ്ഡിന്റെ പുതിയ നീക്കം ശ്രദ്ധേയമാകുന്നത്.

Share