കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. ഗംഗാ ബരേജ് മേഖലയിലാണ് വ്യാഴാഴ്ച രാവിലെ ദാരുണമായ അപകടമുണ്ടായത്. ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്.
പതിവ് പരിശീലന പറക്കലിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അപകടത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാൺപൂരിലെ ഗാർഗ് ഏവിയേഷൻ പരിശീലന കേന്ദ്രത്തിൽനിന്ന് രാവിലെ 11.30ഓടെയാണ് ടെക്നാം വിമാനം പരിശീലന പറക്കലിനായി പുറപ്പെട്ടത്. എന്നാൽ പറന്നുയർന്ന് ഏകദേശം 20 മിനിറ്റിനുശേഷം, 11.50ഓടെ ഗ്വാൾട്ടോഹി പോലീസ് സ്റ്റേഷൻ പരിധിയിൽ വിമാനം തകർന്നുവീഴുകയായിരുന്നു.
അപകടത്തിൽ ഗുജറാത്ത് സ്വദേശിയായ സച്ചിൻ ഭാട്ടിയയും കർണാടക സ്വദേശിയായ അഭിഷേക് പൂജാരിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരായിരുന്നു.
വിമാനം തകർന്നുവീണ വിവരം ലഭിച്ചതിന് പിന്നാലെ പോലീസ്, അഗ്നിരക്ഷാ സേന, മറ്റ് അടിയന്തര സേവന വിഭാഗങ്ങൾ എന്നിവ ഉടൻ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും അപകടസ്ഥലം സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
പരിശീലന വിമാനം തകരാനിടയായ സാഹചര്യമാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. പറക്കലിനിടെ സാങ്കേതിക തകരാർ സംഭവിച്ചോ, പൈലറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോ തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചുവരികയാണ്. വിമാനത്തിന്റെ അവശിഷ്ടങ്ങളും മറ്റ് തെളിവുകളും വിശദമായി പരിശോധിച്ച ശേഷമേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.
സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം തുടരുകയാണ്.