പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ആദ്യഗഡുവായ 5 ലക്ഷം ഇന്ന് കൈമാറും

Published by
ജനം വെബ്‌ഡെസ്ക്

ഇടുക്കി: പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച തോട്ടം തൊഴിലാളി ഒച്ചു തേവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വനം വകുപ്പ്. ധനസഹായത്തിന്റെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കുടുംബത്തിന് കൈമാറും. ഇന്ന് രാവിലെയാണ് തലക്കുളം എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ തമിഴ്നാട് ബോഡിനായ്‌ക്കന്നൂർ സ്വദേശിയായ ഒച്ചു തേവർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

എസ്റ്റേറ്റിൽ ജോലിചെയ്യുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട ഒച്ചു തേവറിനെ ആന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൂപ്പാറ മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശവും നൽകിയിരുന്നു. എന്നാൽ ഇന്ന് രാവിലെ എസ്റ്റേറ്റിൽ കനത്ത മഞ്ഞുണ്ടായിരുന്നു. മഞ്ഞുമൂലം കാട്ടാന അടുത്തെത്തിയത് ഒച്ചു തേവർ കണ്ടില്ലെന്നാണ് വിവരം. അപ്രതീക്ഷിതമായി ആനയുടെ മുന്നിൽപ്പെട്ടതോടെ ആക്രമിക്കപ്പെടുകയായിരുന്നു.

ആനയുടെ ആക്രമണത്തിന്റെ ശബ്ദം കേട്ടാണ് നാട്ടുകാർ സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒച്ചു തേവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒച്ചു തേവരുടെ മകളുടെ പേരിലുള്ളതാണ് കൃഷിത്തോട്ടം. ഇവിടെ താമസിച്ച് തോട്ടത്തിന്റെ കാര്യങ്ങൾ നോക്കി നടത്തിവരികയായിരുന്നു അദ്ദേഹം. പൂപ്പാറ മേഖലയിൽ കാട്ടാന ആക്രമണം തുടർച്ചയായ ഭീഷണിയായി മാറിയിരിക്കുകയാണ്. നേരത്തെയും സമാനമായ രീതിയിൽ പ്രദേശത്ത് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. ഇതിനിടെ ഒച്ചു തേവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടും പോലീസിനെതിരെ പ്രതിഷേധം ശക്തമായി. ബന്ധുക്കളുടെ അനുമതിയില്ലാതെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്നാണ് പ്രതിഷേധക്കാർ ഉന്നയിച്ച പരാതി.

തുടർന്ന് പ്രതിഷേധക്കാർ ഉടുമ്പൻചോല എംഎൽഎ സേനാപതി വേണുവുമായി ചർച്ച നടത്തി. ചർച്ചയ്‌ക്ക് ശേഷമാണ് ദേശീയപാത ഉപരോധം അവസാനിപ്പിച്ചത്.

അതേസമയം, മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകാനുള്ള വനം വകുപ്പിന്റെ തീരുമാനം പ്രഖ്യാപിച്ചു. ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കുടുംബത്തിന് കൈമാറും. പ്രദേശത്ത് തുടരുന്ന കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Share