കോഴിക്കോട്: വിലങ്ങാട്ട് ജനവാസമേഖലയിൽ ഇറങ്ങി യുവാവിന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലുന്നതിനുള്ള നടപടിയുടെ ഭാഗമായി ഡിഎഫ്ഒ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കളക്ടർ റിപ്പോർട്ട് മേലധികാരികൾക്ക് കൈമാറിയിട്ടുണ്ട്. അധികൃതരുടെ അന്തിമ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
ശനിയാഴ്ച വിലങ്ങാട് വായാട് ഉന്നതിയിലാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ സുനിൽ കൊല്ലപ്പെട്ടത്. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ നാട്ടുകാർ ചേർന്ന് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. നാട്ടുകാർക്കൊപ്പം കാട്ടുപോത്തിനെ തുരത്താൻ ശ്രമിച്ച സുനിലിന് നേരെ മൃഗം തിരിഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. ഡിഎഫ്ഒയെ നാട്ടുകാർ തടഞ്ഞുവെച്ചാണ് പ്രതിഷേധിച്ചത്. തുടർന്ന് കെ.എം. അഭിജിത്ത് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടക്കമുള്ളവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. അധികൃതർ നടപടികൾ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സുനിലിന്റെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ഉടൻ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. കുടുംബം തയ്യാറാണെങ്കിൽ ആദ്യ ഗഡു ഇന്ന് തന്നെ നൽകാനുള്ള നടപടികൾ സ്വീകരിക്കും. പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി ഫെൻസിങ് പൂർത്തിയാക്കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുമായി ഇന്ന് ചർച്ച നടക്കും. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം വീണ്ടും ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
സുനിലിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പിതൃസഹോദരപുത്രനും ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ടുകളുണ്ട്. സുനിലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച രാത്രി ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.
വിലങ്ങാട് മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. ഒരു ജീവൻ കൂടി നഷ്ടപ്പെട്ടതോടെ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.