മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിർന്ന സന്യാസിവര്യൻ സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

വിടവാങ്ങിയത് അമൃത സ്കൂൾ ഓഫ് ആയുർവേദയുടെ ഡീനും അമൃത ആയുർവേദ ആശുപത്രി മെഡിക്കൽ ഡയറക്ടറുമായിരുന്ന പ്രമുഖ ആയുർവേദ പണ്ഡിതൻ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിർന്ന സന്യാസിവര്യനും പ്രമുഖ ആയുർവേദ പണ്ഡിതനും ഡോക്ടറുമായ സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

1991-ലാണ് സ്വാമി ശങ്കരാമൃതാനന്ദപുരി മാതാ അമൃതാനന്ദമയീ മഠത്തിൽ ചേർന്നത്. ആത്മീയ രംഗത്തും ആയുർവേദ ചികിത്സാ മേഖലയിലും ശ്രദ്ധേയമായ സേവനങ്ങൾ അദ്ദേഹം നടത്തി.

അമൃതപുരിയിലെ അമൃത സ്കൂൾ ഓഫ് ആയുർവേദയുടെ ഡീനായും അമൃത ആയുർവേദ ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആയുർവേദത്തിലെ ആഴത്തിലുള്ള പാണ്ഡിത്യത്തിനൊപ്പം ചികിത്സാരംഗത്തെ അനുഭവസമ്പത്തും സ്വാമിജിയുടെ പ്രവർത്തനങ്ങൾക്ക് പ്രത്യേകതയായിരുന്നു.

കുറച്ചുനാളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന സ്വാമി ശങ്കരാമൃതാനന്ദപുരിയുടെ വിയോഗം മാതാ അമൃതാനന്ദമയീ മഠത്തിനും ആയുർവേദ രംഗത്തിനും വലിയ നഷ്ടമാണ്. സംസ്കാരം ചൊവ്വാഴ്‌ച്ച രാത്രി 9 മണിക്ക് അമൃതപുരിയിൽ നടക്കും

Share