ന്യൂഡൽഹി: പെട്രോളിൽ കലർത്തിയിരിക്കുന്ന എഥനോളിന്റെ അളവ് ഇന്ധന പമ്പുകളിലെ നോസിലുകളിലും ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകളിലും നിർബന്ധമായും രേഖപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ ഹരജിക്കാരന് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അഡ്വക്കേറ്റ് എൻ.കെ. ഗോസ്വാമിയാണ് ഹരജി സമർപ്പിച്ചത്.
താൻ വാങ്ങുന്ന ഇന്ധനത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്നും അതിലെ എഥനോളിന്റെ അനുപാതം എത്രയാണെന്നും അറിയാനുള്ള അവകാശം ഓരോ ഉപഭോക്താവിനുമുണ്ടെന്നാണ് ഹരജിക്കാരന്റെ പ്രധാന വാദം. നിലവിൽ ഇന്ധനം നിറച്ചശേഷം നൽകുന്ന രസീതുകളിൽ എഥനോൾ മിശ്രിതത്തിന്റെ അനുപാതം രേഖപ്പെടുത്തുന്നില്ലെന്നും ഇത് പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പെട്രോളിലെ എഥനോൾ മിശ്രിതവുമായി ബന്ധപ്പെട്ട് വാഹന ഉടമകൾക്ക് കൂടുതൽ വ്യക്തത ലഭിക്കുന്ന തരത്തിലുള്ള വിവര സംവിധാനവും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. പഴയ വാഹനങ്ങളിൽ ഉയർന്ന തോതിലുള്ള എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നത് ദോഷകരമാകാമെന്ന വാദം ഉന്നയിച്ച ഹരജിക്കാരൻ, ഓരോ വാഹന മോഡലിനും അനുയോജ്യമായ എഥനോൾ മിശ്രിതത്തിന്റെ വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്ന തരത്തിൽ ഡാറ്റാബേസ് തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനുപുറമെ വിവിധ മന്ത്രാലയങ്ങളിലെയും വിദഗ്ധരിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിരുന്നു.
എന്നാൽ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ഹരജിയെ ശക്തമായി എതിർത്തു. ഇത് ‘പ്രോക്സി ഹരജി’ ആണെന്നും സമാനമായ ആവശ്യം ഉന്നയിച്ച ഹരജി കഴിഞ്ഞ വർഷം സുപ്രീംകോടതി തള്ളിയിട്ടുണ്ടെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
തുടർന്നാണ് ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചത്. അതേസമയം, വിഷയത്തിൽ നിയമപരമായ പരിഹാരം തേടാൻ ഹരജിക്കാരന് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ സുപ്രീംകോടതിയിലെ നടപടികൾ അവസാനിച്ചു.