പെരിയ ഇരട്ടക്കൊലയ്‌ക്ക് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസ്; 7 കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 4 വർഷം കഠിനതടവ്

Published by
ജനം വെബ്‌ഡെസ്ക്

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച കേസിൽ ഏഴ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നാല് വർഷം കഠിനതടവ്. കാസർകോട് അഡീഷണൽ സെഷൻസ് (3) കോടതിയാണ് പ്രതികൾക്ക് നാല് വർഷം കഠിനതടവും ആകെ 91,000 രൂപ പിഴയും വിധിച്ചത്.

2019ൽ പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് കേസിനാസ്പദമായ സംഭവം. സിപിഎം പ്രവർത്തകന്റെ വീടിന് സുരക്ഷയൊരുക്കിയിരുന്ന പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ട് പ്രതികൾ വിദേശത്താണ്. മറ്റൊരു പ്രതി വിചാരണ നേരിട്ടില്ല. ശേഷിച്ച ഏഴ് പ്രതികൾക്കെതിരായ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

സതീശൻ എം.കെ., സനൽ കുമാർ, ബിജിത്ത് എം., വിവേക് ചന്ദ്രൻ, ചന്ദ്രൻ, ഗിരീഷ്, രവി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
കാസർകോട് ജില്ലയിലെ കല്ലോട് പെരിയയിൽ 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകം വലിയ രാഷ്‌ട്രീയ വിവാദമായതിന് പിന്നാലെയാണ് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെയും ആക്രമണമുണ്ടായത്.

പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെയുണ്ടായ പൊലീസ് ആക്രമണത്തിൽ വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഏഴ് പ്രതികൾക്കെതിരെ കോടതി ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.

Share