വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: വനിതാ ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. വനിതാ ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരെ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത മന്ദാന വെറും 57 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ സെഞ്ചുറികളുടെ എണ്ണം 18 ആക്കി ഉയര്‍ത്തിയ മന്ദാന വനിതാ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര സെഞ്ചുറികള്‍ നേടിയ താരമായി.

ഓസ്ട്രേലിയയുടെ മുന്‍ താരം മെഗ് ലാനിങ്, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ട് എന്നിവരുടെ 17 സെഞ്ചുറികളുടെ റെക്കോര്‍ഡാണ് മന്ദാന മറികടന്നത്. അന്താരാഷ്‌ട്ര വനിതാ ക്രിക്കറ്റിലെ റണ്‍വേട്ടയിലും മന്ദാന പുതിയ ഉയരത്തിലെത്തി. മുന്‍ ഇന്ത്യന്‍ നായിക മിഥാലി രാജിന്റെ 10,868 റണ്‍സെന്ന റെക്കോര്‍ഡാണ് മന്ദാന മറികടന്നത്. ഇതോടെ വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടവും മന്ദാന സ്വന്തമാക്കി.

ഹോങ്കോങ്ങിനെതിരായ ഇന്നിങ്സിനിടെ 17-ാം ഓവറില്‍ മറീന ലാംപ്ലോഫിനെതിരെ ബൗണ്ടറി നേടിയാണ് മന്ദാന സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ 64 പന്തില്‍ 124 റണ്‍സെടുത്താണ് ഇന്ത്യന്‍ താരം പുറത്തായത്. ഇതോടെ വനിതാ ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനും മന്ദാന ഉടമയായി. വനിതാ ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഒന്നിലധികം സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മന്ദാന സ്വന്തമാക്കി. 2025ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഫോര്‍മാറ്റിലെ ആദ്യ സെഞ്ചുറി.

വനിതാ ഏഷ്യാ കപ്പില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് മന്ദാന. 2024ല്‍ മലേഷ്യയ്‌ക്കെതിരെ ശ്രീലങ്കന്‍ താരം ചമാരി അത്തപ്പത്തുവാണ് ടൂര്‍ണമെന്റില്‍ ആദ്യമായി സെഞ്ചുറി നേടിയത്.

സ്മൃതി മന്ദാനയുടെ ചരിത്ര നേട്ടങ്ങള്‍
>അന്താരാഷ്‌ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ 18
>വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് 10,880
>ഒന്നിലധികം വനിതാ ടി20 അന്താരാഷ്‌ട്ര സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം
>വനിതാ ടി20 അന്താരാഷ്‌ട്ര മത്സരത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 124
>വനിതാ ഏഷ്യാ കപ്പില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം

Share