കൊച്ചി: സേവാഭാരതി പ്രവർത്തകരുടെ കണ്ണുകളിൽ ജ്വലിക്കുന്നത് സേവനസന്നദ്ധതയാണെന്ന് കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ. സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഒരു ബിസിനസ് നടത്തണമെങ്കിൽ ധൈര്യം ആവശ്യമാണ്. അച്ചടക്കമുള്ള സ്വയംസേവകനായതിനാലാണ് കേരളത്തിൽ ഇത്രയധികം സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാൻ തനിക്ക് സാധിച്ചതെന്നും ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
പണം ഉള്ളതുകൊണ്ടുമാത്രമല്ല എല്ലാവരും മറ്റുള്ളവരെ സഹായിക്കുന്നത്. സഹായിക്കാനുള്ള മനസും അതിന് പിന്നിലുണ്ട്. മനുഷ്യസേവനമാണ് ജീവിതത്തെ അർഥപൂർണമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്” എന്നും ടി.എസ്. പട്ടാഭിരാമൻ വ്യക്തമാക്കി. സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.