ദുബൈ: അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. പുരുഷ-വനിതാ ക്രിക്കറ്റില്‍ ഉള്‍പ്പെടെ 150 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളില്‍ ടീമിനെ നയിക്കുന്ന ആദ്യ താരമായി ഹര്‍മന്‍പ്രീത് മാറി. വനിതാ ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയെ നയിക്കാന്‍ ഇറങ്ങിയതോടെയാണ് താരം ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
ഹര്‍മന്‍പ്രീതിന്റെ 150-ാം മത്സരത്തിന് ഇരട്ട മധുരം സമ്മാനിച്ച് ഇന്ത്യ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 56 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 8.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 68 പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും ഹര്‍മന്‍പ്രീത് തന്നെയായിരുന്നു. 18 റണ്‍സുമായി പുറത്താകാതെയാണ് ഇന്ത്യന്‍ നായിക ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ നയിച്ച താരങ്ങളുടെ പട്ടികയില്‍ ഹര്‍മന്‍പ്രീതിന് പിന്നില്‍ ശ്രീലങ്കയുടെ ചമരി അട്ടപ്പട്ടു 121 മത്സരങ്ങളുമായി രണ്ടാമതും ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിങ് 100 മത്സരങ്ങളുമായി മൂന്നാമതുമാണ്. ഇംഗ്ലണ്ടിന്റെ ഹീതര്‍ നൈറ്റ്, റുവാണ്ടയുടെ ഡയാന്‍ ബിമെന്‍യിമാന എന്നിവര്‍ 96 മത്സരങ്ങളില്‍ വീതം ടീമിനെ നയിച്ചിട്ടുണ്ട്.
പുരുഷ ക്രിക്കറ്റില്‍ ഇതുവരെ ഒരു താരത്തിനും 100 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളില്‍ നായകനാകാന്‍ കഴിഞ്ഞിട്ടില്ല. നമീബിയയുടെ ഗെര്‍ഹാര്‍ഡ് ഇറാസ്മസാണ് പുരുഷ താരങ്ങളില്‍ മുന്നില്‍. 91 മത്സരങ്ങളില്‍ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പുരുഷ താരങ്ങളില്‍ മുന്‍ നായകന്‍ എം.എസ്. ധോണിയാണ് മുന്നില്‍. 72 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണി, ആകെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.