20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

Published by
ജനം വെബ്‌ഡെസ്ക്

താഷ്‌കന്റ്: 20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടി. താഷ്‌കന്റില്‍ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ബംഗ്ലാദേശിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ നിര്‍ണായക നേട്ടം സ്വന്തമാക്കിയത്. ഡാനി മെയ്തെയ് ലൈശ്രാം, വിശാല്‍ യാദവ്, പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അര്‍ബാഷ് എന്നിവരാണ് ഇന്ത്യയ്‌ക്കായി ഗോളുകള്‍ നേടിയത്. വിജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ യോഗ്യത ഉറപ്പാക്കി. അടുത്ത വര്‍ഷം ചൈനയിലാണ് എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പ് നടക്കുന്നത്.

യോഗ്യതാ പോരാട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ ആറ് പോയിന്റാണ് നേടിയത്. ഒന്‍പത് പോയിന്റുമായി ആതിഥേയരായ ഉസ്ബെക്കിസ്ഥാന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. സിറിയയെ തോല്‍പ്പിച്ചാണ് ഉസ്ബെക്കിസ്ഥാന്‍ ഒന്നാമതെത്തിയത്. എട്ട് യോഗ്യതാ ഗ്രൂപ്പുകളിലെ മികച്ച ഏഴ് രണ്ടാം സ്ഥാനക്കാരില്‍ ഒരാളായാണ് ഇന്ത്യ ഏഷ്യന്‍ കപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 25-ാം മിനിറ്റിലാണ് ഇന്ത്യ ലീഡ് നേടിയത്. ഡാനി മെയ്തെയ് ലൈശ്രാമാണ് ഇന്ത്യയ്‌ക്കായി ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തി. 60-ാം മിനിറ്റില്‍ വിശാല്‍ യാദവ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. തുടര്‍ന്ന് 79-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അര്‍ബാഷ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കുള്ള ജയത്തോടെ ഇന്ത്യ 20 വര്‍ഷത്തിന് ശേഷം എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ വീണ്ടും സാന്നിധ്യമുറപ്പിച്ചു.

Share