ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതി അടിയന്തരമായി പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഹ്വാനത്തിന് പൂര്‍ണ പിന്തുണയുമായി ഐക്യരാഷ്‌ട്രസഭ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതി അടിയന്തരമായി പരിഷ്‌കരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഐക്യരാഷ്‌ട്രസഭ. രക്ഷാസമിതി പരിഷ്‌കരണം ഇനിയും വൈകിക്കാനാകില്ലെന്ന മോദിയുടെ നിലപാടിനോട് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് യോജിച്ചു. അഞ്ച് സ്ഥിരാംഗങ്ങളെ കേന്ദ്രീകരിച്ചുള്ള നിലവിലെ രക്ഷാസമിതി ഘടന 21-ാം നൂറ്റാണ്ടിലെ ആഗോള യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഡുജാറിക് വ്യക്തമാക്കി. 1945ലെ ലോകക്രമത്തിന് അനുസരിച്ചുള്ള ഘടന തുടരുന്നതിന് പകരം 2026ലെ സാഹചര്യങ്ങള്‍ക്ക് അനുയോജമായ മാറ്റങ്ങള്‍ യുഎന്നിലും മറ്റ് അന്താരാഷ്‌ട്ര സാമ്പത്തിക സ്ഥാപനങ്ങളിലും ഉണ്ടാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് യുഎന്‍ രക്ഷാസമിതി പരിഷ്‌കരണത്തിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി ഉന്നയിച്ചത്. നിലവിലെ ആഗോള ഭരണസംവിധാനം അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു പിരമിഡ് പോലെയാണെന്നും തീരുമാനങ്ങളുടെ പ്രത്യാഘാതം നേരിടുന്ന വികസ്വര രാജ്യങ്ങള്‍ ഭരണസംവിധാനത്തില്‍ പിന്നിലാണെന്നും മോദി പറഞ്ഞു. ഈ പിരമിഡ് ഘടനയ്‌ക്ക് പകരം എല്ലാ രാജ്യങ്ങള്‍ക്കും തുല്യ ശബ്ദവും പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു പങ്കാളിത്ത പ്ലാറ്റ്ഫോം രൂപപ്പെടുത്തണമെന്നാണ് മോദിയുടെ നിര്‍ദേശം.

ആഗോള ഭരണപരിഷ്‌കരണത്തിനായി അടുത്ത ഉച്ചകോടിക്കുള്ളില്‍ 10 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്സ് റോഡ്മാപ്പ് തയ്യാറാക്കണമെന്നും മോദി ആവശ്യപ്പെട്ടു. കൂടുതല്‍ പ്രാതിനിധ്യം, പ്രതികരണശേഷി, നിയമാധിഷ്ഠിതമായ പ്രവര്‍ത്തനം എന്നിവയ്‌ക്ക് റോഡ്മാപ്പില്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്സ് ഉച്ചകോടിക്കിടെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. യുക്രൈന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അന്താരാഷ്‌ട്ര സംഘര്‍ഷങ്ങളില്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും യുഎന്‍ വക്താവ് അഭിപ്രായപ്പെട്ടു.

Share