ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ഇയർബഡ്സിന്റെയും ഹെഡ്ഫോണുകളുടെയും അമിതവും ഉയർന്ന ശബ്ദത്തിലുള്ളതുമായ ഉപയോഗം യുവാക്കളുടെ കേൾവിശക്തിയെ ഗുരുതരമായി ബാധിക്കുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്. രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ ഇഎൻടി വിദഗ്ധർ കൗമാരക്കാരിലും യുവാക്കളിലും കേൾവി മങ്ങുക, ശബ്ദം വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.

ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ഇയർബഡ്സ് ഉപയോഗിക്കുന്നത് ചെവിക്കുള്ളിലെ അതിസൂക്ഷ്മമായ സെൻസറി ഹെയർ സെല്ലുകൾക്ക് ക്ഷതമേൽപ്പിക്കാം. ഈ കോശങ്ങൾക്ക് ഒരിക്കൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ചാൽ സ്വാഭാവികമായി പുനർനിർമിക്കപ്പെടില്ല. അതിനാൽ തുടർച്ചയായ ശബ്ദം സ്ഥിരമായ കേൾവിനഷ്ടത്തിലേക്ക് നയിച്ചേക്കാമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

1.1 ബില്യൺ യുവാക്കൾ അപകടസാധ്യതയിൽ
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം സുരക്ഷിതമല്ലാത്ത രീതിയിലുള്ള കേൾവിയിലൂടെ ലോകത്താകെ 1.1 ബില്യണിലധികം യുവാക്കൾ കേൾവിനഷ്ടത്തിന്റെ അപകടസാധ്യതയിലാണ്. വ്യക്തിഗത ഓഡിയോ ഉപകരണങ്ങളുടെ ദീർഘകാല ഉപയോഗവുമായി ബന്ധപ്പെട്ട ഇന്ത്യൻ പഠനങ്ങളും ആശങ്ക ഉയർത്തുന്നതാണ്.

കേൾവിക്കുറവ് ചെറിയ തോതിലാണെങ്കിലും അതിനെ അവഗണിക്കരുതെന്നാണ് വിദഗ്ധരുടെ നിർദേശം. കുട്ടികളിൽ സംസാരവികസനത്തെയും വിദ്യാർഥികളിൽ പഠനശേഷിയെയും ഇത് ബാധിച്ചേക്കാം. സാമൂഹിക ഇടപെടലുകൾ കുറയുന്നതും മാനസിക സമ്മർദം വർധിക്കുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും കേൾവിക്കുറവ് കാരണമാകാം.

ശബ്ദം കൂട്ടുന്നത് അപകടത്തിന്റെ സൂചന
പുറത്തെ ശബ്ദം മറികടക്കാൻ ഇയർബഡ്സിന്റെ വോളിയം വീണ്ടും വീണ്ടും കൂട്ടുന്ന ശീലം അപകടകരമാണ്. തിരക്കേറിയ റോഡുകളിലും ജിമ്മുകളിലും മറ്റ് ശബ്ദമുള്ള ഇടങ്ങളിലും ഇയർബഡ്സ് ഉപയോഗിക്കുമ്പോൾ പലരും അറിയാതെ ശബ്ദനില ഉയർത്താറുണ്ട്.

രാത്രിയിലും മണിക്കൂറുകളോളം ഇയർബഡ്സ് ഉപയോഗിക്കുന്ന ശീലവും യുവാക്കൾക്കിടയിൽ വ്യാപകമാണ്. തുടർച്ചയായ ശബ്ദം ചെവിക്ക് വിശ്രമം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നു.

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കേൾവിക്ക് തകരാർ സംഭവിക്കാൻ തുടങ്ങുന്നതിന്റെ ചില ആദ്യ സൂചനകൾ:

  • ചെവിയിൽ തുടർച്ചയായി മുഴക്കം കേൾക്കുക
  • ശബ്ദം മങ്ങിയതായി തോന്നുക
  • സംസാരിക്കുന്നവരുടെ വാക്കുകൾ വ്യക്തമായി മനസിലാകാതിരിക്കുക
  • ടിവിയുടെയോ ഫോണിന്റെയോ ശബ്ദം പതിവിലധികം കൂട്ടേണ്ടിവരിക
  • തിരക്കേറിയ സ്ഥലങ്ങളിൽ സംഭാഷണം പിന്തുടരാൻ ബുദ്ധിമുട്ട്
  • ഇത്തരം ലക്ഷണങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഇഎൻടി വിദഗ്ധനെ സമീപിച്ച് കേൾവി പരിശോധന നടത്തുന്നത് ഉചിതമാണ്.

ഇയർബഡ്സ് ഒഴിവാക്കണമെന്നല്ല; ഉപയോഗം നിയന്ത്രിക്കണം
ഇയർബഡ്സ് പൂർണമായി ഒഴിവാക്കണമെന്നല്ല വിദഗ്ധരുടെ നിർദേശം. എന്നാൽ വോളിയം കുറച്ച്, ഇടവേളകളോടെ, ദീർഘനേരം തുടർച്ചയായി ഉപയോഗിക്കാതെ കേൾക്കുന്നതാണ് സുരക്ഷിതം. ശബ്ദമുള്ള സാഹചര്യങ്ങളിൽ വോളിയം കൂട്ടുന്നതിന് പകരം നോയിസ് കാൻസലിംഗ് സൗകര്യമുള്ള ഉപകരണങ്ങൾ പരിഗണിക്കാം.

കേൾവിനഷ്ടം പലപ്പോഴും പതുക്കെ വികസിക്കുന്നതിനാൽ പ്രശ്നം ശ്രദ്ധയിൽപ്പെടുമ്പോഴേക്കും സ്ഥിരമായ കേടുപാടുകൾ സംഭവിച്ചിരിക്കാം. അതുകൊണ്ടുതന്നെ യുവാക്കളിൽ സുരക്ഷിതമായ ശ്രവണശീലങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നേരത്തെയുള്ള കേൾവി പരിശോധനയും അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

Share