റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ബെലഗാവി: കര്‍ണാടകയിലെ ബെലഗാവിയില്‍ വീടിനുള്ളിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ചാവട്ട് ഗല്ലിയിലാണ് അപകടമുണ്ടായത്. റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീട്ടില്‍ തീപടര്‍ന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. തീ അതിവേഗം പടര്‍ന്നതോടെ വീട്ടിലുണ്ടായിരുന്നവര്‍ക്ക് പുറത്തുകടക്കാന്‍ സാധിക്കാതെ വന്നതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗജാനന്‍ ധാമോനെ (65), റോഷന്‍ ധാമോനെ (21), ശാരദ ധാമോനെ (45), ഭാരതി ധാമോനെ (50) എന്നിവരാണ് മരിച്ചത്. പിയ ധാമോനെ (28), ഗംഗ ധാമോനെ (25) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. റഫ്രിജറേറ്റര്‍ പൊട്ടിത്തെറിക്കാനിടയായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share