അമിത് ഷായുടെ ശക്തമായ ഇടപെടൽ; 15,000 കോടിയുടെ കിഷൗ അണക്കെട്ടിന് വഴിതുറന്നു; 6 സംസ്ഥാനങ്ങൾക്ക് നേട്ടം, യമുനയ്‌ക്കും പുതുജീവൻ

Published by
ജനം വെബ്‌ഡെസ്ക്

വർഷങ്ങളായി മുടങ്ങിക്കിടന്ന കിഷൗ മൾട്ടിപർപ്പസ് ഡാം പദ്ധതിക്ക് വീണ്ടും വേഗം. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന എന്നീ ആറ് സംസ്ഥാനങ്ങൾ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണയിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് നിർണായക തീരുമാനം. ഏകദേശം 15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

എന്താണ് കിഷൗ പദ്ധതി?
ഉത്തരാഖണ്ഡിലൂടെ ഒഴുകുന്ന ടോൺസ് നദിയിൽ അണക്കെട്ടും ജലസംഭരണിയും നിർമിക്കുന്നതാണ് പദ്ധതി. യമുനയുടെ പ്രധാന പോഷകനദിയാണ് ടോൺസ്.

ജലസംഭരണം, ജലസേചനം, വൈദ്യുതി ഉത്പാദനം, കുടിവെള്ള വിതരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. നിയന്ത്രിതമായി വെള്ളം യമുനയിലേക്ക് ഒഴുക്കുന്നതിലൂടെ യമുനയുടെ നീരൊഴുക്ക് വർധിപ്പിക്കാനും നദിയുടെ പുനരുജ്ജീവനത്തിനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.

ആർക്കെത്ര വെള്ളം ലഭിക്കും?
പദ്ധതി യാഥാർഥ്യമായാൽ വിവിധ സംസ്ഥാനങ്ങൾക്കും ഡൽഹിക്കും അധിക ജലലഭ്യത ലഭിക്കും.

ഹരിയാന: 836 ക്യൂസെക്
ഉത്തർപ്രദേശ്: 543.2 ക്യൂസെക്
രാജസ്ഥാൻ: 163.52 ക്യൂസെക്
ഡൽഹി: 105.28 ക്യൂസെക്
കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായ ജലലഭ്യത വർധിപ്പിക്കുന്നതിനൊപ്പം ജലവൈദ്യുത ഉത്പാദനത്തിനും പദ്ധതി സഹായിക്കും.

90% ചെലവ് കേന്ദ്രം വഹിക്കും
പദ്ധതിയുടെ ജലഘടകത്തിന്റെ 90 ശതമാനം ചെലവും കേന്ദ്രസർക്കാർ വഹിക്കും. ശേഷിക്കുന്ന 10 ശതമാനം ആറ് സംസ്ഥാനങ്ങൾ പങ്കിടും.

ഹിമാചൽ പ്രദേശിന്റെ ജലവിഹിതവുമായി ബന്ധപ്പെട്ടും ധാരണയായിട്ടുണ്ട്. ഹിമാചലിന് അനുവദിച്ച ജലവിഹിതം ഡൽഹിക്കും രാജസ്ഥാനും നൽകും. പകരം ഹിമാചലിന്റെ വൈദ്യുതി ഘടകത്തിലെ ചെലവിൽ ഇരു സംസ്ഥാനങ്ങളും പങ്കാളികളാകും. ആറ് സംസ്ഥാനങ്ങൾ തമ്മിലുള്ള നീണ്ടുനിന്ന തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിൽ ഈ ധാരണ നിർണായകമാണ്. ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരമാണ് പ്രധാന ഘട്ടം.

Share