മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ്; കൊച്ചിയിലും വയനാട്ടിലും അഞ്ച് കേന്ദ്രങ്ങളിൽ എസ്‌ഐടി റെയ്ഡ്, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലും അഗസ്റ്റിൻമാരുടെ കുടുംബവീട്ടിലും റെയ്ഡ്

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സംസ്ഥാനത്ത് വ്യാപക റെയ്ഡ് നടത്തി. കൊച്ചി, വയനാട് ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിലാണ് ബുധനാഴ്ച പുലർച്ചെ ഒരേസമയം പരിശോധന നടന്നത്.

മെസി പരിപാടിയുടെ പ്രധാന സ്പോൺസറുമായി ബന്ധപ്പെട്ട അഗസ്റ്റിൻ സഹോദരന്മാരുടെ ഓഫീസിലും വീടുകളിലും എസ്‌ഐടി പരിശോധന നടത്തി. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ വയനാട് വാഴവറ്റയിലെ തറവാട് വീട്, കൊച്ചിയിലെ ഫ്ലാറ്റ്, ഓഫീസ് എന്നിവിടങ്ങളിലും പരിശോധന നടന്നതായി റിപ്പോർട്ടുകളുണ്ട്.

കളമശ്ശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസിലും എസ്‌ഐടി പരിശോധന നടത്തി. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തിയത്. കോടതിയിൽനിന്നുള്ള വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് റിപ്പോർട്ട്.

പുലർച്ചെയാണ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റ് നിർണായക വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചതായാണ് റിപ്പോർട്ടുകൾ.

കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ കേസ്

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് എസ്‌ഐടി പരിശോധനയിലേക്ക് കടന്നത്.

എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിയാണ് അന്വേഷണം നടത്തുന്നത്. നേരത്തെ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക ജിഎസ്ടി അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും നികുതി വെട്ടിപ്പും കണ്ടെത്തിയിരുന്നു.

₹549.22 കോടിയുടെ ഇടപാടുകൾ; ₹25.78 കോടിയുടെ നികുതി വെട്ടിപ്പ് ആരോപണം

എസ്‌ഐടി റിപ്പോർട്ട് പ്രകാരം, ബന്ധപ്പെട്ട കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിൽ ₹549.22 കോടിയുടെ ക്രെഡിറ്റ് ഇടപാടുകളാണ് കണ്ടെത്തിയത്. ഇതിൽ ₹212.75 കോടി എൻബിഎഫ്സികളിൽനിന്നുള്ള വായ്പയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശേഷിക്കുന്ന ₹336.47 കോടിയിൽ ജിഎസ്ടി റിട്ടേണിൽ വെളിപ്പെടുത്തിയത് ഏകദേശം ₹102.06 കോടിയാണെന്നും ബാക്കി ₹234.31 കോടിയെക്കുറിച്ച് കണക്കുകൾ വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടാത്ത ആറ് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നുവെന്നും എസ്‌ഐടി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലൂടെയുള്ള ഇടപാടുകളും അന്വേഷണത്തിന്റെ പ്രധാന ഭാഗമാണ്.

മെസിയെയും അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതിനായി അർജന്റീന ഫുട്ബോൾ അസോസിയേഷനിലേക്ക് ഏകദേശം ₹126.04 കോടി കൈമാറിയതുമായി ബന്ധപ്പെട്ട നികുതി ബാധ്യതയും അന്വേഷണത്തിൽ പരിശോധിച്ചു. ഈ ഇടപാടുമായി ബന്ധപ്പെട്ട് റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം ജിഎസ്ടി അടച്ചില്ലെന്ന ആരോപണവും എസ്‌ഐടി റിപ്പോർട്ടിലുണ്ട്.

ആകെ ₹25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി എസ്‌ഐടി റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട ജിഎസ്ടിയും സ്റ്റേഡിയം നവീകരണച്ചെലവ് പെരുപ്പിച്ച് കാണിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നേടിയെന്ന ആരോപണവും ഇതിൽ ഉൾപ്പെടുന്നു.

മെസി കേരളത്തിലെത്തുമെന്ന നിർദേശവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണയ ഇടപാടുകളിലെ ക്രമക്കേട്, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ ആരോപണങ്ങളും എസ്‌ഐടി റിപ്പോർട്ട് ഉയർത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്.

ഇപ്പോഴത്തെ റെയ്ഡിലൂടെ ശേഖരിക്കുന്ന രേഖകളും ഡിജിറ്റൽ വിവരങ്ങളും കേസിന്റെ തുടർ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി സൂചിപ്പിക്കുന്നത്.

Share