കൊൽക്കത്ത: ലോകത്തെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. ആയിരക്കണക്കിന് സ്റ്റേഷനുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നത്. ഓരോ സ്റ്റേഷനും അതിന്റേതായ പേരും അടയാളവുമുണ്ട്. എന്നാൽ പശ്ചിമ ബംഗാളിൽ പേരില്ലാത്ത ഒരു റെയിൽവേ സ്റ്റേഷൻ കൗതുകമാകുകയാണ്.
സാധാരണ റെയിൽവേ സ്റ്റേഷനുകളിലെത്തുമ്പോൾ യാത്രക്കാരെ ആദ്യം വരവേൽക്കുന്നത് സ്റ്റേഷന്റെ പേര് രേഖപ്പെടുത്തിയ ബോർഡുകളാണ്. എന്നാൽ പശ്ചിമ ബംഗാളിലെ ഈ സ്റ്റേഷനിൽ ആ പതിവ് കാഴ്ച കാണാനാകില്ല. സ്റ്റേഷന്റെ പേര് രേഖപ്പെടുത്തിയ ബോർഡുകളില്ലാത്തതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
സ്റ്റേഷന്റെ പേര് സംബന്ധിച്ച തർക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ ടിവി റിപ്പോർട്ട് പ്രകാരം, സമീപത്തെ രണ്ട് ഗ്രാമങ്ങളായ റൈനയും റൈനഗറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കമാണ് ഈ അസാധാരണ സാഹചര്യത്തിന് പിന്നിൽ.
പഴയ നാരോ ഗേജ് റെയിൽപാത പ്രവർത്തിച്ചിരുന്ന കാലത്ത് ഈ സ്റ്റേഷൻ റൈനഗർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ 2008ൽ പുതിയ ബ്രോഡ് ഗേജ് റെയിൽപാത നിർമിച്ചപ്പോൾ, പുതിയ സ്റ്റേഷൻ കെട്ടിടം റൈന ഗ്രാമത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിർമിച്ചത്. ഇതോടെയാണ് സ്റ്റേഷന് തങ്ങളുടെ ഗ്രാമത്തിന്റെ പേര് നൽകണമെന്ന് റൈന നിവാസികൾ ആവശ്യപ്പെട്ടത്. എന്നാൽ സമീപത്തെ റൈനഗർ ഗ്രാമവാസികൾ ഈ ആവശ്യം അംഗീകരിച്ചില്ല. നേരത്തെ ഉണ്ടായിരുന്ന റൈനഗർ എന്ന പേര് തന്നെ സ്റ്റേഷന് നിലനിർത്തണമെന്നാണ് അവരുടെ ആവശ്യം. ഇതോടെയാണ് അസാധാരണ സാഹചര്യം ഉടലെടുത്തത്. നിലവിൽ ‘പേരില്ലാത്ത റെയിൽവേ സ്റ്റേഷൻ’ എന്ന വിശേഷണത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാണ് സ്റ്റേഷൻ.