നിതാരി കൊലപാത പരമ്പരയിൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സുരേന്ദ്ര കോലി ഹരിദ്വാറിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് ചായക്കടയിൽ

Published by
ജനം വെബ്‌ഡെസ്ക്

ഹരിദ്വാർ: 2006ലെ നിതാരി കൂട്ടക്കൊലക്കേസിൽ പ്രതിയായിരുന്ന സുരേന്ദ്ര കോലി ഹരിദ്വാറിൽ മരിച്ചനിലയിൽ. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഹരിദ്വാറിലെ ഭൂപത്വാല മേഖലയിലെ ചായക്കടയ്‌ക്കുള്ളിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സപ്തസരോവർ റോഡിൽ ലാൽമാതാ ക്ഷേത്രത്തിന് എതിർവശത്തുള്ള ചായക്കടയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചുകാലമായി  ഹരിദ്വാറിൽ  ചായക്കച്ചവടം നടത്തിവരികയായിരുന്നു സുരേന്ദ്ര കോലി.

വിവരമറിഞ്ഞ് സപ്തർഷി പൊലീസ് ഔട്ട്‌പോസ്റ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടത്തിനും വിശദമായ അന്വേഷണത്തിനും ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്.

2006ൽ നോയിഡയിലെ നിതാരി മേഖലയിൽ കുട്ടികളടക്കമുള്ളവരുടെ തിരോധാനവും കൊലപാതകവും പുറത്തുവന്നതോടെയാണ് സുരേന്ദ്ര കോലിയുടെ പേര് കേസിൽ ഉയർന്നത്. 2025 ജൂലൈയിൽ   നിതാരിയുമായി ബന്ധപ്പെട്ട 12 കേസുകളിൽ സുരേന്ദ്ര കോലിയെ  കുറ്റവിമുക്തനാക്കിയത്  സുപ്രീംകോടതി  ശരിവച്ചിരുന്നു. ശേഷിച്ച അവസാന കേസിൽ കഴിഞ്ഞ  നവംബറിൽ സുപ്രീംകോടതി ശിക്ഷ റദ്ദാക്കി കോലിയെ കുറ്റവിമുക്തനാക്കി. തുടർന്നാണ് ഇയാൾ ജയിൽ മോചിതനായത്.

Share