കുനോയിൽ നിന്ന് വീണ്ടും സന്തോഷവാർത്ത! ഇന്ത്യയിൽ ജനിച്ച ചീറ്റ അമ്മയായി; ‘കെജിപി12’ന് പിറന്നത് നാല് കുഞ്ഞുങ്ങൾ; രാജ്യത്ത് ജനിച്ച ചീറ്റകൾ 36 ആയി

Published by
ജനം വെബ്‌ഡെസ്ക്

ഭോപ്പാൽ: ഇന്ത്യയിലെ ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണർവേകി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നാല് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു. ഇന്ത്യയിൽ തന്നെ ജനിച്ച കെജിപി12 എന്ന പെൺചീറ്റയാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതോടെ പ്രോജക്ട് ചീറ്റ ആരംഭിച്ച ശേഷം രാജ്യത്ത് ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 36 ആയി.

കുനോ ദേശീയോദ്യാനത്തിൽ നിലവിൽ 53 ചീറ്റകളാണുള്ളത്. രാജ്യത്ത് ചീറ്റകളുടെ എണ്ണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രോജക്ട് ചീറ്റയുടെ മുന്നേറ്റമായാണ് പുതിയ ജനനത്തെ വിലയിരുത്തുന്നത്.

നാല് ചീറ്റക്കുഞ്ഞുങ്ങളുടെ ജനനം ചരിത്രപരവും ഏറെ സന്തോഷം പകരുന്നതുമായ നേട്ടമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചു. ഇന്ത്യയിലെ ചീറ്റ സംരക്ഷണ പ്രവർത്തനങ്ങൾക്കും സ്വാഭാവിക പ്രജനനത്തിനും ലഭിച്ച പ്രധാന വിജയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചീറ്റകളെ ഇന്ത്യൻ ആവാസവ്യവസ്ഥയിൽ പുനഃസ്ഥാപിക്കാനുള്ള പ്രോജക്ട് ചീറ്റയുടെ യാത്രയിലെ നിർണായക നേട്ടമായും പുതിയ ജനനത്തെ മന്ത്രി വിശേഷിപ്പിച്ചു.

കുനോ ദേശീയോദ്യാനത്തിലെ ഫീൽഡ് ഡയറക്ടർ ഉത്തം ശർമ്മയും ചീറ്റക്കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു. മുഖിക്ക് പിന്നാലെ കുനോയിൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഇന്ത്യയിൽ ജനിച്ച രണ്ടാമത്തെ ചീറ്റയാണ് കെജിപി12 എന്ന് അദ്ദേഹം അറിയിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ചീറ്റക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. നിലവിൽ കുഞ്ഞുങ്ങളെയും അമ്മച്ചീറ്റയെയും അകലെ നിന്ന് നിരീക്ഷിച്ചുവരികയാണ്. കെജിപി12യുടെ പ്രസവം ചീറ്റകൾ ഇന്ത്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുവരുന്നതിന്റെ വ്യക്തമായ സൂചനയാണെന്നും ഉത്തം ശർമ്മ പറഞ്ഞു.

2022 സെപ്റ്റംബർ 17നാണ് ഇന്ത്യയിൽ ചീറ്റകളെ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് ചീറ്റയ്‌ക്ക് തുടക്കമായത്. ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽനിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചതോടെയാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. ഇതോടെ എഴുപത് വർഷത്തോളം ഇന്ത്യയിൽ ഇല്ലാതിരുന്ന ചീറ്റകളുടെ സാന്നിധ്യം രാജ്യത്ത് വീണ്ടും യാഥാർഥ്യമായി.

പദ്ധതിയുടെ ഭാഗമായി ഇതുവരെ ദക്ഷിണാഫ്രിക്കയിൽനിന്ന് 12 ചീറ്റകളെയും ബോട്സ്വാനയിൽനിന്ന് ഒൻപത് ചീറ്റകളെയും ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. കുനോയ്‌ക്ക് പുറമെ മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലും ചീറ്റകളെ പാർപ്പിച്ചിട്ടുണ്ട്. നിലവിൽ ഗാന്ധി സാഗറിൽ മൂന്ന് ചീറ്റകളാണുള്ളത്.

കുനോയിൽ നിന്ന് കൂടുതൽ ചീറ്റകളെ പുതിയ ആവാസകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മധ്യപ്രദേശിലെ ഏറ്റവും വലിയ കടുവാ സങ്കേതമായ റാണി ദുർഗാവതി കടുവാ സങ്കേതത്തിലേക്ക് ചീറ്റകളെ മാറ്റുന്നതിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

Share